Skip to main content
തിരുവനന്തപുരം

Thiruvanchoor Radhakrishnanകെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രി പദവിയിലേക്ക് കടന്നുവരുന്നതിന്റെ തുറന്ന സൂചന നല്‍കി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിടവാങ്ങല്‍ വാര്‍ത്താസമ്മേളനം. വകുപ്പില്‍ ഒന്നര വര്‍ഷത്തെ നേട്ടങ്ങളുടെ പട്ടിക നിരത്തിയ തിരുവഞ്ചൂര്‍ തന്നോട് സഹകരിച്ച എല്ലാവരോടും നന്ദി പറഞ്ഞു. സ്ഥാനമൊഴിയുന്നതില്‍ തനിക്ക് പരിഭവമൊന്നുമില്ലെന്നും പാര്‍ട്ടി തീരുമാനം എന്തായാലും പൂര്‍ണമായും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

പുന:സംഘടനാ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച കേന്ദ്രമന്ത്രി എ.കെ ആന്റണി കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ തിരുവഞ്ചൂര്‍ പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചത്. പുന:സംഘടന കെ.പി.സി.സി അധ്യക്ഷനും മുഖ്യമന്ത്രിയും ഔദ്യോഗികമായി അറിയിക്കുമെന്നാണ് ആന്റണിയുടെ പ്രതികരണം.

 

വകുപ്പില്‍ കീഴുദ്യോഗസ്ഥരില്‍ നിന്നും തനിക്ക് മികച്ച രീതിയിലുള്ള സഹകരണമാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രക്ഷോഭങ്ങള്‍ സമാധാനപരമായി നേരിടാന്‍ കഴിഞ്ഞെന്നും കഴിഞ്ഞ വര്‍ഷം ഒരു പോലീസ് വെടിവെപ്പ് പോലും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. ആഭ്യന്തരവകുപ്പിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതേണ്ട കാലമാണ് തന്റെ ഭരണകാലമെന്നും മന്ത്രി പറഞ്ഞു.

 

വകുപ്പ് മാറ്റത്തെ പരാമര്‍ശിച്ച് പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ ശിരസ്സാ വഹിക്കുമെന്ന് ആവര്‍ത്തിച്ച തിരുവഞ്ചൂര്‍ പാര്‍ട്ടി ഏല്‍പിച്ച ചുമതല സത്യസന്ധമായി നിറവേറ്റിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പാര്‍ട്ടി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രിയായതെന്നും സ്ഥാനമൊഴിയുമ്പോള്‍ പരിഭവം പറയുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു

 

പോലീസ് നിഷ്പക്ഷമാകണമെന്ന തന്റെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയതെന്നും ഇക്കാര്യത്തിലുണ്ടായ വിമര്‍ശനങ്ങളെ കാര്യമായി എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ടി പി വധക്കേസില്‍ കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി അന്വേഷണത്തില്‍ ആദ്യത്തെ ജാഗ്രത കുറഞ്ഞുവോയെന്ന കാര്യം 22-ന് വിധി വരുമ്പോള്‍ അറിയാമെന്ന് കൂട്ടിച്ചേര്‍ത്തു. ആരേയും കുറ്റപ്പെടുത്തുന്നില്ലെന്നും ഒന്നരകൊല്ലം സഹകരിച്ചതിന് എല്ലാവരോടും നന്ദി പറയുന്നതായും തിരുവഞ്ചൂര്‍ പറഞ്ഞു.

 

ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരമേറ്റപ്പോള്‍ റവന്യൂ വകുപ്പ് കൈകാര്യം ചെയ്തിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോണ്‍ഗ്രസ് മന്ത്രിമാരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ഏറ്റവും അടുപ്പമുള്ള നേതാവായി പരിഗണിക്കപ്പെട്ടിരുന്നു പാമോലിന്‍ കേസിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വകുപ്പ് ഒഴിഞ്ഞപ്പോള്‍ അത് ഏല്‍പ്പിച്ചത് തിരുവഞ്ചൂരിനെ ആയിരുന്നു. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തെ ചൊല്ലി മന്ത്രിസഭയിലെ സാമുദായിക സന്തുലനം എന്‍.എസ്.എസ് പ്രശ്നമാക്കിയപ്പോള്‍ അത് പരിഹരിക്കാന്‍ താന്‍ കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് തിരുവഞ്ചൂരിന് നല്‍കുകയായിരുന്നു ഉമ്മന്‍ ചാണ്ടി ചെയ്തത്. രമേശ്‌ ചെന്നിത്തലയ്ക്ക് മന്ത്രിസഭയില്‍ ‘താക്കോല്‍ സ്ഥാനം’ നല്‍കണമെന്നായിരുന്നു എന്‍.എസ്.എസ്സിന്റെ അന്നത്തെ ആവശ്യം.

 

എന്നാല്‍, സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയും തിരുവഞ്ചൂരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജനസമ്പര്‍ക്ക പരിപാടിയ്ക്ക് ഐക്യരാഷ്ട്ര സഭ നല്‍കിയ പുരസ്കാരം ഏറ്റുവാങ്ങിയ ദിവസം മുഖ്യമന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തതും മറ്റുമായിരുന്നു ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനം. കോണ്‍ഗ്രസിലെ ഐ വിഭാഗം പരസ്യമായി തിരുവഞ്ചൂരിനെതിരെ പലപ്പോഴും നിലപാടെടുത്തിരുന്നു.