ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് കൊണ്ട് രാജ്യം മുടിഞ്ഞുപോകുമെന്ന് കരുതാനാകില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍. ബി.ജെ.പിക്ക് ഇപ്പോള്‍ ഹിന്ദുത്വ മുഖം നല്കാനാവില്ലെന്നും പാര്‍ട്ടി ന്യൂനപക്ഷങ്ങളേയും പരിഗണിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും വെള്ളാപ്പിള്ളി പറഞ്ഞു.
ഭരണത്തിലിരിക്കുന്നവരുടെ കൊള്ളരുതായ്മ കൊണ്ടാണ് മോഡിക്ക് പ്രചാരം ലഭിക്കുന്നത്. ഡല്‍ഹിയില്‍ കെജ്രിവാളിനെ കുറിച്ച് കൂടുതലൊന്നും അറിയാതിരുന്നിട്ടും വോട്ടുകിട്ടിയത് ഇതിനുദാഹരണമാണെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. കേന്ദ്രഭരണം പരാജയമാണെന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ട്. കോൺഗ്രസിന്റെ ഭരണം ഒരുവഴിക്കും പാർട്ടി മറ്റൊരു വഴിക്കുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദുക്കളെ പരസ്പരം തല്ലിക്കാനുള്ള അടവുനയമാണ് സംസ്ഥാന സർക്കാരിന്റേതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പറയുന്നത് മുഴുവന്‍ ശരിയാണെന്നും സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുമുന്നണികളും കേരളത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.