Skip to main content
തിരുവനന്തപുരം

Prashant Bhushanലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി (എ.എ.പി) മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍. രാജ്യത്ത് പരമാവധി സീറ്റുകളിൽ പാർട്ടി മത്സരിക്കുമെന്നും ഭൂഷണ്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ എ.എ.പി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന ശനിയാഴ്ച തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

 

സമാന മനസ്കരായ പ്രാദേശിക പാര്‍ട്ടികള്‍ എ.എ.പിയില്‍ ലയിക്കുന്നതോ അവരുമായി സഖ്യമുണ്ടാക്കുന്നതോ ആയ കാര്യങ്ങളില്‍ പാര്‍ട്ടിയ്ക്ക് അടഞ്ഞ സമീപനമില്ലെന്ന് ഭൂഷണ്‍ പറഞ്ഞു. സി.പി.ഐ, ലോക് സത്ത പോലുള്ളവ സത്യസന്ധതയുള്ള പാര്‍ട്ടികളാണ്. എന്നാല്‍, മൂന്നാം മുന്നണിയിലെ പല പാര്‍ട്ടികളും അഴിമതിയുടെ കാര്യത്തിൽ മറ്റാർക്കും പിന്നിലല്ലെന്ന് ഭൂഷണ്‍ പറഞ്ഞു. വി.എസ് അച്യുതാനന്ദനുമായി പൊതുരാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും ഭൂഷണ്‍ അറിയിച്ചു. കവിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയുമായും ഭൂഷണ്‍ കൂടിക്കാഴ്ച നടത്തി.

സംസ്ഥാനത്ത് ആറന്മുള വിമാനത്താവളം, അതിവേഗ റെയില്‍പാത എന്നിവയ്ക്ക് പാര്‍ട്ടി എതിരാണ്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കര്‍ഷകര്‍ക്കെതിരല്ലെന്നും പാര്‍ട്ടി പൊതുവില്‍ അവയെ അനുകൂലിക്കുന്നുവെന്നും ഭൂഷണ്‍ പറഞ്ഞു.