Skip to main content
കോഴിക്കോട്

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ രക്തച്ചൊരിച്ചിലുണ്ടാവുമെന്നും ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കോഴിക്കോട് നടത്തുന്ന ഉപവാസ സമര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ടിനെതിരായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പശ്ചിമഘട്ടത്തില്‍ നക്‌സല്‍ പ്രസ്ഥാനം ശക്തമാകും. തങ്ങളെ നക്‌സലുകളാക്കരുതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

 

കർഷകരെ ബുദ്ധിമുട്ടിച്ച് ഒരു റിപ്പോർട്ടും നടപ്പാക്കാൻ അനുവദിക്കുകയില്ല. സമരത്തോടനുബന്ധിച്ച് അക്രമങ്ങൾ നടത്തുന്നത് ഇടത്,​ വലത് സംഘടനകളല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാനും ദിവസം മുന്‍പ് മലയോരമേഖലയിലെ ഹര്‍ത്താല്‍ ദിനത്തില്‍ താമരശ്ശേരിയില്‍ വ്യാപകമായ അക്രമമാണ് ഉണ്ടായത്. അക്രമത്തില്‍ നിരവധി പോലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ക്കും വനം റേഞ്ച് ഓഫീസിനും അക്രമികള്‍ തീവെക്കുകയും ചെയ്തിരുന്നു.

 

ഇതിനിടെ താമരശേരി ബിഷപ്പിനെ പിന്തുണച്ച് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ എം.ഐ ഷാനവാസ് രംഗത്തെത്തി. ബിഷപ്പിന്റെ തീരുമാനത്തിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ഷാനവാസ് പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്ന ഹൈക്കോടതിയുടെ അഭിപ്രായ പ്രകടനം ശരിയായില്ലെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.

Tags