Skip to main content
തിരുവനന്തപുരം

ആറന്‍മുള എയര്‍പോര്‍ട്ടിന് ആവശ്യമായ സ്ഥലം മാത്രമേ ഏറ്റെടുക്കാന്‍ അനുവദിക്കുകയുളളൂവെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ഫിഷറീസ് തുറമുഖ മന്ത്രി കെ.ബാബു വ്യക്തമാക്കി. ആറന്‍മുള വിമാനത്താവളം സംബന്ധിച്ച് സര്‍ക്കാരിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ നോട്ടിഫൈ ചെയ്തതില്‍ നിന്ന് വിമാനത്താവളത്തിന് ആവശ്യമുളളത് ഒഴികെയുളള സ്ഥലം ഡീനോട്ടിഫൈ ചെയ്യുന്നതിന് നിയമ നടപടികള്‍ സ്വികരിക്കാന്‍ നിയമ റവന്യൂ വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി. വിമാനത്താവളത്തിനാവശ്യമായ സ്ഥലത്തില്‍ റവന്യൂ ഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ഭൂമിക്ക് പകരം ഭൂമി വാങ്ങി നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.

 

വിമാനത്താവളത്തിന്റെ ഓഹരിയില്‍ പത്ത് ശതമാനം സര്‍ക്കാരിന് നല്‍കണമെന്ന ധാരണാപത്രം എത്രയും വേഗം കൈമാറാനും വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്കുളള സര്‍ക്കാരിന്റ പ്രതിനിധിയെ നോമിനേറ്റ് ചെയ്യാനും ധാരണയായി. വിമാനത്താവളത്തിന്റെ റണ്‍വേക്ക് ആവശ്യമായ ഭൂമി ഒഴികെ ഒരിഞ്ചു ഭൂമി പോലും നികത്തില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ഇബ്രാഹിംകുഞ്ഞ്, വിവിധ വകുപ്പ് മേധാവികള്‍, എയര്‍പോര്‍ട്ട് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു