Skip to main content
ന്യൂഡല്‍ഹി

arvind kejrivalഭാര്യയുടേയും തന്റേയും പേരില്‍ രണ്ട് കോടി രൂപ വിലമതിക്കുന്ന സ്ഥാവരജംഗമ വസ്തുക്കള്‍ ഉള്ളതായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍. ഡിസംബര്‍ നാലിന് നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ശനിയാഴ്ച സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്ങ്മൂലത്തിലാണ് ഈ വിവരം.

 

അതിനിടെ, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചെലവുകള്‍ക്കായി പാര്‍ട്ടി ലക്ഷ്യമിട്ട 20 കോടി രൂപ സംഭാവനകളിലൂടെ സമാഹരിച്ചതായി കേജ്രിവാള്‍ ഞായറാഴ്ച അറിയിച്ചു. മേലില്‍ സംഭാവനകള്‍ അയക്കേണ്ടതില്ലെന്നും കേജ്രിവാള്‍ അറിയിച്ചു.

 

കേജ്രിവാളിന്റെ സാമ്പത്തിക ബാധ്യതകളില്‍ വൈദ്യുത ബില്‍ അടക്കാത്തതിനെ തുടര്‍ന്നുള്ള 23,000 രൂപയും ഉള്‍പ്പെടുന്നു. ദല്‍ഹിയിലെ വൈദ്യുതനിരക്ക് വര്‍ധനവിനെതിരെ കഴിഞ്ഞ വര്‍ഷം നടത്തിയ സമരത്തില്‍ ബില്‍ അടക്കാതിരിക്കാന്‍ ഉപഭോക്താക്കളോട് കേജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു.

 

ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേജ്രിവാളിനു നേര്‍ക്ക് ഒന്‍പത് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇതില്‍ ചിലത് രണ്ട് വര്‍ഷത്തിലധികം തടവുശിക്ഷ ലഭിക്കാവുന്നതാണ്.

 

സത്യവാങ്ങ്മൂലം അനുസരിച്ച് അരവിന്ദ് കേജ്രിവാളിന്റേയും ഭാര്യ സുനിതയുടേയും പേരിലുള്ള സ്ഥാവരജംഗമ വസ്തുക്കള്‍ മൂല്യം 2,10,48,389 രൂപയാണ്. കേജ്രിവാളിന്റെ പേരില്‍ 1,62,000 രൂപയുടേയും ഭാര്യയുടെ പേരില്‍ ഒന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളടക്കം 16,85,000 രൂപയുടേയും ബാങ്ക് നിക്ഷേപങ്ങള്‍ ഉണ്ട്. കേജ്രിവാളിനു ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ 55 ലക്ഷം രൂപയും ഹരിയാനയിലെ ശിവാനിയില്‍ 37 ലക്ഷം രൂപയും വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകളും ഭാര്യയ്ക്ക് ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവില്‍ ഒരു കോടി വിലമതിക്കുന്ന വീടും ഉണ്ട്. രണ്ടുപേരുടെയും കൈയ്യില്‍ ഉള്ളത് 15,000 രൂപയാണ്.

Tags