പ്രതിരോധമന്ത്രി എ.കെ. ആന്‍റണി നാലുദിവസത്തെ സന്ദര്‍ശനത്തിന് വെള്ളിയാഴ്ച റഷ്യയിലേക്ക് പോവും. ഇന്ത്യക്കുവേണ്ടി റഷ്യ നിര്‍മിച്ച വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ കമീഷന്‍ ചെയ്യുന്നതിനും പ്രതിരോധ കാര്യങ്ങള്‍ക്കുള്ള ഉഭയകക്ഷിവാര്‍ഷിക പ്രതിനിധിതല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനുമാണ് ആന്റണി റഷ്യ സന്ദര്‍ശിക്കുന്നത്. ശനിയാഴ്ച റഷ്യയിലെ സെവറോവിൻസ്ക് നഗരത്തിലെ സെവ്മാഷ് ഷിപ്‌യാർഡിൽ നടക്കുന്ന ചടങ്ങിൽ ആന്റണി വിക്രമാദിത്യ നീറ്റിലിറക്കും.
അഡ്മിറൽ ഗൊർഷ്കൊവ് എന്ന റഷ്യൻ വിമാനവാഹിനിക്കപ്പൽ ആധുനികവൽക്കരിച്ചാണ് ഐ.എൻ.എസ് വിക്രമാദിത്യ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ നിര്‍മാണ ചെലവ് 40 കോടി ഡോളറാണ്. 284 മീറ്റർ നീളവും 44000ടൺ ഭാരവുമുള്ള ഐ.എൻ.എസ് വിക്രമാദിത്യയിൽ മിഗ് 9 കെ പോർ വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അന്തർവാഹിനവേധ, കപ്പൽവേധ ,വിമാനവേധ മിസൈൽ സംവിധാനങ്ങളും ഉണ്ട്. ഒമ്പത് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ആണവവാഹിനിക്കപ്പല്‍ വാങ്ങുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.
1600 സൈനികർക്ക് കഴിയാൻ കപ്പലില്‍ സൗകര്യങ്ങളുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലാണ് ഐ.എന്‍.എസ് വിക്രമാദിത്യ. ഐ.എന്‍.എസ് വിരാട് ആണു ഇപ്പോഴുള്ളത്.