ഛത്തീസ്ഗഡിലെ 18 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചു. 12 മണ്ഡലങ്ങളില് രാവിലെ ഏഴു മണിമുതലും 6 മണ്ഡലങ്ങളില് എട്ട് മണിക്കുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ 10 ശതമാനം പേരാണ് വോട്ടു ചെയ്തത്. എന്നാല്‍ ഉച്ചയോടെ വോട്ടെടുപ്പ് 50 ശതമാനത്തിലെത്തി. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പേ തന്നെ ഛത്തീസ്ഗഢിലെ കാംഗറിലും, സിതിരം മേഖലയിലും മാവോയിസ്റ്റ് ആക്രമണം ഉണ്ടായി. കാംഗറില് തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള് ആക്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റുകള് പോളിങ് സാമഗ്രികള് നശിപ്പിച്ചു. 18 മണ്ഡലങ്ങളില്‍ നിന്നായി 143 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
മുഖ്യമന്ത്രി രമൺസിംഗും മന്ത്രിസഭയിലെ മൂന്ന് അംഗങ്ങളും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ഉദയ് മുതലിയാരുടെ ഭാര്യ അൽക്കാ മുതലിയാരാണ് രമൺസിംഗിന്റെ മുഖ്യ എതിരാളി. രണ്ടാംഘട്ട വോട്ടിംഗ് ഈമാസം 19ന് നടക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ 15 എണ്ണവും ബി.ജെ.പി സ്വന്തമാക്കിയിരുന്നു. മൂന്നു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്
ഞായറാഴ്ച ബസ്തർ മേഖലയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഇന്തോ ടിബറ്റൻ ബോർഡർ സേനയിലെ രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് ബസ്തർ, രാജ്നന്ദ്ഗാവ് ജില്ലകളിൽ ഒരു ലക്ഷത്തോളം സുരക്ഷാഭടന്മാരെ വിന്യസിച്ചിട്ടുണ്ട്.
