രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡല്‍ഹി, രാജസ്ഥാന്‍, മിസോറാം, മധ്യപ്രദേശ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. ഡല്‍ഹിയിലും മിസ്സോറാമിലും ഡിസംബര്‍ നാലിനും മധ്യപ്രദേശില്‍ നവംബര്‍ 25-നും രാജസ്ഥാനില്‍ ഡിസംബര്‍ ഒന്നിനും തിരഞ്ഞെടുപ്പ് നടക്കും. ചത്തീസ്ഗഡില്‍ നവംബര്‍ 11-നും 19-നുമായി രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്താണ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് തടയാന്‍ എല്ലാ സംസ്ഥാനങ്ങളിലും മാധ്യമ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
നിഷേധ വോട്ടുകള്‍ ഈ തിരഞ്ഞെടുപ്പ് മുതല്‍ ഏര്‍പ്പെടുത്തും ഇതിനു വേണ്ടിയുള്ള ക്രമീകരണങ്ങള്‍ തയ്യാറാക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തി തിരഞ്ഞെടുപ്പ് സ്ലിപ്പുകള്‍ വിതരണം ചെയ്യും. ഈ അഞ്ചു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ചട്ടം ഉടന്‍ നിലവില്‍ വരുമെന്നും എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
