Skip to main content

മലയാളിക്ക് തെറി ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

കെ.ജി. ജ്യോതിർഘോഷ്
His master's voice
കെ.ജി. ജ്യോതിർഘോഷ്

മലയാളി സ്വയം പറയുന്നത് പ്രബുദ്ധ മലയാളി എന്നാണ് . ആ പ്രബുദ്ധതയുടെ ഭാഗമായിട്ട് മലയാളത്തിലെ ഏറ്റവും വലിയ തെറി എഴുതുന്ന രചനകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും ലഭിക്കുന്നു. അതുപോലെ പാട്ടിൽ തെറി എഴുതിയ വേടൻ്റെ പാട്ടുകൾ സർവകലാശാലകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഏറ്റവും ഒടുവിൽ മദ്യപാനത്തെ മഹത്വവൽക്കരിക്കുന്ന പാട്ട് എഴുതിയ വേടന് സംസ്ഥാന സർക്കാർ അവാർഡും നൽകിയിരിക്കുന്നു.
    ഇതെല്ലാം സൂചിപ്പിക്കുന്നത് മലയാളിയുടെ മാറിയ സൗന്ദര്യ ബോധത്തെയാണ് . ആ സൗന്ദര്യബോധം എന്നു പറയുന്നത് നാറ്റത്തിനോട് പ്രിയം കാണിക്കുകയും വൃത്തികേടിനോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യാനും പ്രേരിപ്പിക്കുന്ന സൗന്ദര്യ ബോധമാണ്. ഒന്നുകൂടി തെളിച്ചു പറഞ്ഞു കഴിഞ്ഞാൽ സുഗന്ധത്തിന് പകരം ദുർഗന്ധം ഇഷ്ടപ്പെടുന്ന സൗന്ദര്യബോധം. 
       എന്തുകൊണ്ട് മലയാളി ഈ സൗന്ദര്യ ബോധത്തിലേക്ക് കുടിയേറി? ആ ചോദ്യത്തിന് ഉത്തരം കാണുമ്പോൾ മലയാളി സമൂഹം ഇന്ന് നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് കാരണമെന്താണെന്ന് തെളിഞ്ഞു കിട്ടും. ജന്തു ലോകത്തിലെ അംഗങ്ങളായ മനുഷ്യനിൽ ഒരു ജന്തു ഉണ്ട്. ആ ജന്തുവിൻ്റെ അവസ്ഥ മനുഷ്യനിലെ മാനുഷിക നിലവാരം അനുസരിച്ചിരിക്കും.മനുഷ്യത്വമാണ് മുന്നിൽ നിൽക്കുന്നതെങ്കിൽ വ്യക്തിയിലെ ജന്തു നിയന്ത്രണത്തിലായിരിക്കും. അവിടെ മനുഷ്യ-മൃഗ പോരാട്ടം എന്ന പ്രതിഭാസം ഉണ്ടാകുന്നില്ല.
          വ്യക്തിയിലെ മനുഷ്യത്വം കീഴ്പ്പെട്ടു നിൽക്കുകയും ജന്തു മേധാവിത്വം ഉറപ്പിക്കുകയും ചെയ്യുന്നിടത്താണ് മനുഷ്യൻറെ ഗുണങ്ങൾ എല്ലാം കീഴ്മേൽ മറിയുന്നത്. ഉദാഹരണത്തിന് ഒരു വ്യക്തിയിൽ നായ എന്ന ജന്തു മേധാവിത്വം ഉറപ്പിക്കുന്നു എന്ന് കരുതുക. അത്തരം വ്യക്തികളിൽ അമിതമായ വിധേയത്വ സ്വഭാവം പ്രകടമാകും. ഭക്ഷണം എറിഞ്ഞു കൊടുക്കുന്ന യജമാനനെ കാണുമ്പോൾ നായകൾ കാട്ടുന്നതുപോലെ . നായ അത് കാട്ടുന്നത് യജമാനൻ തനിക്ക് മുൻപ് എന്തെങ്കിലും എറിഞ്ഞു കൊടുത്തതിന്റെ പേരിലും വീണ്ടും അതുപോലെ കിട്ടും എന്ന പ്രതീക്ഷയിലുമാണ്. 
       അത്തരം വ്യക്തികൾക്ക് ഒരിക്കലും ആത്മവിശ്വാസം ഉണ്ടാവുകയില്ല.മാത്രമല്ല  ആത്മാഭിമാനം മുഴുവൻ ഇല്ലാതാവുകയും ചെയ്യും. അവിടെയാണ് ആ വ്യക്തിയിലെ മനുഷ്യനും ജന്തുവും തമ്മിലുള്ള സംഘട്ടനം ഉടലെടുക്കുന്നത്. ആ സംഘടനത്തിൽ മേധാവിത്വം മൃഗത്തിനായതിനാൽ മൃഗത്തിൻറെ വിചാരങ്ങളും വിജയിച്ചു നിൽക്കും. നായയ്ക്ക് നാറ്റം പ്രിയമാണ്. ആ പ്രിയമാണ് സാംസ്കാരികമായി അത്തരം വ്യക്തികളിലൂടെ തെറിയായും അശ്ലീല ആസ്വാദനം പുരോഗമനമായും പുറത്തുവരുന്നത്. ഇത് കൂടുതൽ പേരിലേക്ക് വ്യാപിക്കുമ്പോൾ അത് ആ സമൂഹത്തിൻറെ സൗന്ദര്യ ബോധമായി രൂപപ്പെടുന്നു. ദുർഗന്ധത്തെ ദുർഗന്ധമെന്ന് പറയുന്ന സുഗന്ധ പ്രേമികൾ മൂരാച്ചികളും പാരമ്പര്യ വാദികളുമായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഒരു സംസ്കാരം ജീർണ്ണതയിലേക്ക് അതിവേഗം പ്രവേശിക്കുന്നത്.