വെള്ളാപ്പള്ളി സിപിഎമ്മിന്റെ മൈക്ക് ആകുന്നു
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുഖ്യമന്ത്രി പിണറായി വിജയൻറെ മൈക്കായി മാറുന്നു. ഏറ്റവും ഒടുവിലത്തെ അതിൻറെ തെളിവാണ് അദ്ദേഹം മുസ്ലിം ഭീഷണി ഉയർത്തുകയും ഈഴവർ ജാതി പറഞ്ഞ് അർഹിക്കുന്ന സീറ്റുകൾ മുന്നണികളിൽ നിന്ന് വാങ്ങിക്കണമെന്ന് പറയുകയും ചെയ്തിരിക്കുന്നത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം പ്രയോഗിക്കാൻ പോകുന്ന ഏക അജണ്ടയാണിത്. അതാണ് നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കണ്ടത്. ജമാ അത്തെ ഇസ്ലാമിയെ യുഡിഎഫ് കൂടെ ചേർത്തത് ഉയർത്തിക്കാട്ടി കൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ സൂചിപ്പിക്കുന്ന ഈ വൈകാരികത സിപിഎം ഉണർത്തുന്നത്. അപ്പോൾ അത് സിപിഎമ്മിന്റെ പുരോഗമന നിലപാടിനോടും രാഷ്ട്രീയ പോരാട്ടത്തിന് ഉചിതമാകുന്നതും ആയി മാറുന്നു.
വെള്ളാപ്പള്ളി നടേശൻ പറയുന്നു, ഈഴവർ ഒത്തൊരുമിച്ച് നിന്നാൽ കേരളം ആരു ഭരിക്കുമെന്ന് അവർക്ക് തീരുമാനിക്കാൻ കഴിയും. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ ഈഴവർക്ക് കൊടുക്കുന്ന മുന്നണിയെ സഹായിക്കണം. എന്നു പറഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഈഴവർ സ്ഥാനാർത്ഥികളായി വരുന്ന പാർട്ടി സിപിഎമ്മാണ് . അതുകഴിഞ്ഞാൽ സിപിഐയും. ഈ പച്ച യാഥാർത്ഥ്യം തുറന്നു പറയാൻ സിപിഎമ്മിന്റെ പുരോഗമന രാഷ്ട്രീയ മുഖംമൂടിക്ക് ഒരിക്കലും കഴിയില്ല.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും അതിശക്തമായി ഉന്നയിക്കാൻ പോകുന്നത് മുസ്ലിം ഭീഷണിയായിരിക്കും. ഇങ്ങനെ പോയാൽ 2040ൽ മുസ്ലിങ്ങൾ കേരളം ഭരിക്കും എന്ന് വെള്ളാപ്പള്ളി നടേശന്റെ അതേ ഭീഷണി. അതായത് സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട്.
