പാമോലിന്‍ കേസില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രം ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് വിജിലന്‍സിന് നിയമോപദേശം. അഞ്ചാം പ്രതിയും സിവില്‍ സപ്ലൈസ് കോര്പറേഷന് മുന്‍ എം.ഡിയുമായ ജിജി തോംസണെയും, വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ പി.ജെ.തോമസിനെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നേരത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
ഉദ്യോഗസ്ഥരെ മാത്രം ഒഴിവാക്കുന്നത് ശരിയായ നടപടിയല്ലെന്നും പലതവണ അന്വേഷിച്ചിട്ടും കേസില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസ് പൂര്‍ണമായും പിന്‍വലിക്കുന്നതിന് കോടതിയെ സമീപിക്കാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2005-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജിജി തോംസണെയും മറ്റ് ഉദ്യോഗസ്ഥരെയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് എല്‍.ഡി.എഫ് ഭരണത്തില്‍ വന്നപ്പോള്‍ ഈ തീരുമാനം റദ്ദാക്കി.
1991-ല്‍ യു.ഡി.എഫിന്റെ ഭരണകാലത്താണ് പാമോലിന്‍ അഴിമതി നടന്നത്. പാമോലിന്‍ ഇറക്കുമതിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ഇത് സര്‍ക്കാരിന് 280 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.