Skip to main content
Man with black hen

ശാന്തികവാടത്തിലെ കരിങ്കോഴി

നവകേരളത്തിൻ്റെ പ്രബുദ്ധ തലസ്ഥാന നഗരിയിലെ ശാന്തികവാടം. അവിടെ ഇന്നലെ ( 25/01/24) വൈകീട്ട് എൻ്റെ അടുത്ത ബന്ധു ജി. ഗോപിനാഥൻ്റെ (റിട്ട. ഡെ.ഡയറക്ടർ, കൃഷിവകുപ്പ്) ശവസംസ്കാരത്തിൽ പങ്കെടുക്കാനെത്തി. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ആംബുലൻസിൽ നിന്ന് മറ്റൊരു മൃതദേഹം പുറത്തെടുക്കുന്നു. അതിനു മുന്നോടിയായി കൂടെവന്നയൊരാൾ ആംബുലൻസിൽ നിന്ന് ഒരു കരിങ്കോഴിയെ പുറത്തെടുക്കുന്നു. പിടയ്ക്കാൻ നിർവാഹമില്ലാതെ കോഴിക്കരച്ചിലെന്നു പ്രത്യക്ഷത്തിൽ തോന്നാത്ത അമർത്തിയ വിങ്ങലോടെയുള്ള കോഴിയുടെ രോദനം. കരിങ്കോഴിയുടെ കാലുകൾ, ചിറകുകൾ, മലദ്വാരവും ചേർത്ത് വാല് എല്ലാം കൂട്ടിക്കെട്ടി മുറുക്കിയിരിക്കുന്നു. ചുണ്ടും കെട്ടിയിട്ടുണ്ടോ എന്നുറപ്പു വരുത്താൻ കഴിഞ്ഞില്ല. അവിടെയുണ്ടായിരുന്ന ഒരാളോടു തിരക്കിയപ്പോൾ അറിഞ്ഞു, ഇലക്ട്രിക് ചിത( ചുള)യിലേക്ക് കയറ്റും മുൻപ് മുൻപേ കോഴിയുടെ കഴുത്തു മുറിച്ച് മൃതദേഹത്തിൽ ചോരയൊഴിക്കാനാണെന്ന്. എന്നിട്ട് കോഴിയേയും മൃതദേഹത്തോടൊപ്പം വയ്ക്കുമത്രെ. ചിലർ പകരം കോഴിമുട്ടയും പച്ചമുളകുമാണ് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതുമലയാളി നിലവാരത്തിൽ ഇതിനനുവദിക്കുന്ന ശാന്തികവാടം അധികൃതരുടെ മേൽ മേക്കിട്ടു കേറാം. ഒരന്തിച്ചർച്ച.തുടർന്ന് ഉത്തരവാദിത്വപ്പെട്ട ഒരാളെ സസ്പെണ്ട് ചെയ്ത് നിരോധം കർശനമാക്കി ഉത്തരവിട്ടാൽ സർക്കാരിന് പുരോഗമനമാകാം. ആ പുരോഗമനത്തിൽ കേരള മാധ്യമങ്ങൾ സായൂജ്യമടയുകയും ചെയ്യും. അതുകൊണ്ട് വലിയ കാര്യമില്ല. നവ-പ്രബുദ്ധ-പുരോഗമന-മതേതര-സമ്പൂർണ്ണ സാക്ഷര കേരളത്തിലെ ഒരു സമൂഹത്തിൻ്റെ വിശ്വാസവും ആ തടവറയിൽ കുടുങ്ങിക്കിടക്കുന്ന സമൂഹമനസ്സുമാണ് ഇതിലൂടെ കാണേണ്ടത്. ഇത്തരം ഇരുണ്ട മനസ്സുകളാണ് മിക്ക വൈകൃതങ്ങളുടെയും വിളഭൂമി. ഈ വിളഭൂമിയിലാണ് മതേതരത്വവും ഭരണഘടനയും എല്ലാം ചേർത്ത് കേരളാ മോഡൽ പാഠപുസ്തകങ്ങളും കടന്നു ചെല്ലുന്നത്. ഈ പാവങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മശാന്തിയെ മുൻനിർത്തിയായിരിക്കാം ഇതൊക്കെ ചെയ്യുന്നത്. അറിവില്ലായ്മയെ അറിവായി അവർ കരുതുന്നു, വിശ്വസിക്കുന്നു. എല്ലാ വിശ്വാസങ്ങളുടെയും അടിസ്ഥാനം ഇതാണ്. ഇവർ അകപ്പെട്ടിരിക്കുന്ന ഇരുട്ടിലേക്ക് വെളിച്ചം എങ്ങനെ എത്തിക്കാം എന്നുള്ളതാണ് വിഷയം. അതിന് വെളിച്ചം തന്നെ ഉണ്ടായേ പറ്റൂ. മതമായാലും പാർട്ടികളായാലും കേരളത്തിൽ വിശ്വാസികളേ ഉള്ളു. വിശ്വാസികളുടെ കൈയ്യിൽ വെളിച്ചമുണ്ടാവില്ല. കേരളം നേരിടുന്ന പല പ്രതിസന്ധികളുടെ ഒരു മുഖമാണ് ശാന്തികവാടത്തിലെ കരിങ്കോഴിയുടെ അമർന്ന രോദനത്തിലൂടെ മുഴങ്ങുന്നത്. ഒരു നിമിഷം ആ പാവം കോഴിയുടെ അവസ്ഥ സങ്കൽപ്പിക്കുക. എന്നിട്ട് ആ തോന്നൽ നമുക്ക് തരുന്ന വികാരത്തിലേക്ക് നോക്കുക. അതിൻ്റെ തോതനുസരിച്ച് നമ്മളിൽ എത്രമാത്രം മനുഷ്യത്വം ഉണ്ടെന്ന് നമുക്കു സ്വയം അറിയാൻ പറ്റും. മനുഷ്യൻ്റെ കോലമുള്ളതുകൊണ്ട് മനുഷ്യനാവില്ല. അതിന് മനുഷ്യൻ്റെ ഗുണം വേണം. മലയാളി ആദ്യമാകാൻ ശ്രമിക്കേണ്ടത് മനുഷ്യനാകാനാണ്. മനുഷ്യനായാൽ പുരോഗമൻ ആകേണ്ട ആവശ്യമില്ല...