Skip to main content

sree narayana guru

 

വീണ്ടും ഒരു കന്നി അഞ്ച്. ശ്രീ നാരായണ ഗുരു സമാധിദിനം. സർക്കാർ ജീവനക്കാർക്ക് അവധി. ശ്രീനാരായണനാമം പേറുന്ന സംഘടനകൾ ചടങ്ങുകൾ സംഘടിപ്പിക്കും. വലിയ സംഘടനകളുടെ ചടങ്ങുകളിൽ മുഖ്യമന്ത്രി മുതലിങ്ങോട്ടുള്ള മന്ത്രിമാർ പങ്കെടുക്കും. മറ്റുള്ള ചടങ്ങുകളിൽ മറ്റ് പ്രമുഖർ. എല്ലാവരും ഊന്നിപ്പറയുന്നത് ഒന്ന്. ഗുരുദർശനങ്ങൾക്ക് എന്നത്തേക്കാളും പ്രസക്തി ഇന്ന്. മാധ്യമങ്ങൾ ചിലതൊക്കെ തത്സമയവും പത്രങ്ങൾ പിറ്റേദിവസം വലിയ തലവാചകങ്ങളിലും അത് നിരത്തും.

 

പ്രസക്തമായതിനെ പ്രയോഗത്തിൽ വരുത്താൻ എളുപ്പമുള്ളവരാണ് മുഖ്യമന്ത്രിയുൾപ്പടെയുള്ള മന്ത്രിമാർ. അല്ലെങ്കിൽ സര്‍ക്കാര്‍. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇക്കുറി ഒരു വ്യത്യാസമുണ്ട്. രണ്ട് പ്രധാന തീരുമാനങ്ങൾ സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ഒന്ന്, ഗുരുദർശനങ്ങൾ സ്‌കൂൾ തലത്തിൽ പാഠ്യവിഷയമാക്കാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിവഗിരിയിലും പുറത്തും പ്രഖ്യാപിക്കുകയുണ്ടായി. രണ്ടാമത്തെ തീരുമാനം കള്ളുചെത്ത് വ്യാപകമാക്കി ചെത്തുതൊഴിലിനെ അന്തസ്സുള്ളതാക്കാനും ചെത്തുകാർക്ക് മാന്യത നേടിക്കൊടുക്കാനും ഉതകുന്നതുമാണ്. അത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഒരു മന്ത്രിസഭായോഗത്തിലാണ് നടത്തിയത്. അതായത് നീര ഉൽപ്പാദനത്തിനും വിപണനത്തിനുമായി അബ്കാരി നിയമം ഭേദഗതി ചെയ്ത് അനുമതി നൽകിയത്. ഇനിയങ്ങോട്ട് തെങ്ങുചെത്തുകാർ ചെത്തുകാരല്ല. നീരാ ടക്‌നീഷ്യൻമാരാകും. രണ്ടാഴ്ച മുൻപ് സുപ്രീംകോടതി ശരിക്കും സംസ്ഥാന സര്‍ക്കാറിനെ ശകാരിക്കുക തന്നെയുണ്ടായി. കേരളത്തിലെ മദ്യഉപഭോഗത്തിന്റെയും മദ്യാസക്തി വർധിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ ബാറുടമകൾക്ക് സഹായകരമായ നിലപാടെടുക്കുന്നതിൽ.

 

കേരളത്തിലേക്ക് ഒഴുകിയെത്തുന്ന വ്യാജമദ്യത്തിന്റെ തോത് ഇവിടെ ഔദ്യോഗികമായി വിറ്റഴിയുന്ന മദ്യത്തിന്റെ എത്രയോ ഇരട്ടിയാണ്. സരിത-സോളാർ വിഷയങ്ങളുടെ മറവിൽ ഈ മദ്യലോബിയെല്ലാം സജീവമായി രംഗത്തുണ്ടായിരുന്നു. ഇക്കുറി ഓണത്തിന് കേരളത്തിലേക്ക് ഒഴുകിയ വ്യാജമദ്യം ഒരുപക്ഷേ റെക്കോഡ് ഭേദിക്കുന്നതാവണം. മാസങ്ങളായി നിലനിൽക്കുന്ന വിവാദത്തെത്തുടർന്നുള്ള ഭരണരംഗത്തെ സ്തംഭനവും കരിങ്കൊടിപ്രതിഷേധവുമൊക്കെ വളരെ അനായാസം ഈ കടത്തലിന് സാഹചര്യമൊരുക്കുകയുണ്ടായി. പോലീസിന് കരിങ്കൊടിക്കാരെ നോക്കേണ്ടത് വ്യാജക്കാർക്ക് ഒരുക്കിക്കൊടുക്കുന്ന സൗകര്യം ചില്ലറയല്ല. എല്ലാ ഓണത്തിനും ചടങ്ങെന്ന പേരിലെങ്കിലും ഒരു നാഷണൽഹൈവേ പരിശോധന പതിവാണ്. എന്നിരുന്നാലും കടത്തുകാർ അവരുടെ തോത് തികയ്ക്കുമെന്നത് ഉറപ്പ്. അങ്ങിനെയെങ്കിൽ ഇക്കുറി അവർ ഇവിടെ എത്തിച്ചിട്ടുള്ളതിന്റെ തോത് എന്തായിരിക്കുമെന്നത് ഊഹിച്ചെടുക്കുക ബുദ്ധിമുട്ടാണ്. മലപ്പുറം മദ്യദുരന്തത്തേക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് രാജേന്ദ്രൻ കമ്മറ്റി റിപ്പോർട്ട് തുറന്ന് നോക്കുകകൂടി ചെയ്തില്ലെന്ന് പറഞ്ഞ് ജഡ്ജി പരിതപിക്കുന്നു. ഇവിടുത്തെ കള്ളുൽപ്പാദനം ഒരു കുപ്പിയാണെങ്കിൽ ഷാപ്പുകളിൽ ഉഗ്രവീര്യത്തോടെ വിൽക്കുന്ന കള്ള് മൂന്നും നാലും കുപ്പിയാണ്. എക്‌സൈസ് മന്ത്രിക്കും ഇക്കാര്യം സമ്മതിക്കാതെ വയ്യ.

 

2013-ലെ കണക്കനുസരിച്ച് കേരളത്തിൽ മദ്യപിച്ചു തുടങ്ങുന്ന ശരാശരി പ്രായം 14 ആയിട്ടുണ്ട്. 1980ൽ ഇത് 19 വയസ്സായിരുന്നു. ഏതാനും വർഷം മുൻപ് വരെ കള്ള് ഷാപ്പിൽ ആൾക്കാർ കയറിയിരുന്നത് പകലാണെങ്കിൽ തലയിൽ (ചിലരെങ്കിലും) മുണ്ടിട്ടുകൊണ്ടാണ്. ഇന്ന് അഭിമാനപൂർവ്വം ടിവിക്യാമറയ്ക്ക് പോസ് ചെയ്യാൻ തയ്യാറായാണ് ബീവറേജസ് ഔട്ട്‌ലറ്റിന്റെ മുന്നിൽ ക്യൂ നിൽക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് അബ്കാരി നിയമം ഭേദഗതി ചെയ്ത് നീര ഉൽപ്പാദനത്തിനും വിപണനത്തിനും സർക്കാർ അനുമതി നൽകിയിരിക്കുന്നത്. സരിതമറയിൽ ഇത് ഒമ്പതുമണി ചർച്ചയുമായില്ല, ആരും പ്രതികരിച്ചും കണ്ടില്ല. നാളികേര വികസന ബോര്‍ഡാണ് ഈ തീരുമാനത്തിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. നാളികേര കർഷകരുടെ രക്ഷയ്ക്കുവേണ്ടിയാണ് ഇതെന്നാണ് ബോര്‍ഡിന്റെ നിലപാട്. ഇത്രയും നാളത്തെ വികസനം കൊണ്ട് കേരളത്തിലെ തെങ്ങും കേരകർഷകരും എവിടെയെത്തി എന്നും ചിന്തിക്കുന്നത് ഇത്തരുണത്തിൽ നന്നായിരിക്കും. ഇനി അവശേഷിക്കുന്ന തെങ്ങിൻപുരയിടങ്ങൾ കൂടെ നശിക്കുകയാണെങ്കിൽ നെൽപ്പാടങ്ങളിൽ ഉയർന്നതുപോലുളള കെട്ടിട സമുച്ചയങ്ങൾ അവിടെയും ഉയർന്നേക്കാം. പിന്നെ ഇറക്കുമതി ചെയ്ത തേങ്ങയിൽ പൂർണ്ണമായും ആശ്രയിക്കാം. ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന തേങ്ങ ഇവിടെ സുലഭം.

 

toddy

നീര ആരോഗ്യപാനീയമാണെന്നാണ് നാളികേര വികസന ബോര്‍ഡ് പ്രചരിപ്പിക്കുന്നത്. അതു ചെത്തിക്കൊണ്ടുവരുന്നവർക്ക് അന്തസ്സ് കൂട്ടുന്നതിനായി നീരാ ടെക്‌നീഷ്യൻ എന്നടിച്ച് തിരിച്ചറിയൽ കാർഡും കൊടുക്കുമത്രെ. അങ്ങിനെയെങ്കിൽ സംസ്ഥാനസർക്കാരിന് ഒരു കാര്യം കൂടി പരിഗണിക്കാവുന്നതാണ്. സ്‌കൂൾകുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് നീര പാനീയം സ്‌കൂളുകളിൽ സൗജന്യമായി വിതരണം ചെയ്യാനും തീരുമാനിക്കാവുന്നതാണ്. കേന്ദ്രസർക്കാർ നിർബന്ധമായി അയൺഗുളിക കൊടുക്കുന്നതുപോലെ. ശ്രീനാരായണഗുരുവും ആരോഗ്യകാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധ ചെലുത്തിയിരുന്ന വ്യക്തിയാണ്. അതുവഴി ഗുരുദർശനം പ്രയോഗത്തിൽ വരുത്തിയെന്ന് സർക്കാരിന് അഭിമാനിക്കുകയും ചെയ്യാം!

 

ചെത്തരുത്, കുടിക്കരുത് എന്ന് ശ്രീനാരായണഗുരു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. ചെത്ത് അധമകർമ്മമാണെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ചെത്തുകാരനെ നാറുമെന്നും അവന്റെ വീടും നാറുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിട്ടുണ്ട്. കുമാരനാശാൻ ഒരുപടികൂടി കടന്ന് ചെത്തുകാരന്റെ വീടിനെക്കുറിച്ചും സംസ്‌കാരത്തേക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അതിവിടെ ഉദ്ധരിച്ചാൽ പലർക്കും വിഷമമുണ്ടാകും. അതിനാൽ ഒഴിവാക്കുന്നു. കേരളത്തിൽ മദ്യപിച്ചുതുടങ്ങുന്നതിന്റെ പ്രായം കുറയുന്നതിനൊപ്പം മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചുവരുന്നുണ്ട്. ചില മാതൃകാ കേരളവനിതകളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നവർ തങ്ങളുടെ മദ്യപാനശീലത്തിന്റെ പ്രത്യേകതകളേക്കുറിച്ചും മറ്റും പറയുന്നത് കോരിത്തരിപ്പിക്കും വിധം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയുമൊക്കെ ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ ആരോഗ്യകാര്യങ്ങളിലുള്ള സംസ്ഥാനസർക്കാരിന്റെ ജാഗ്രത മുൻനിർത്തി നീര സ്‌കൂളുകളിലും റേഷൻകടകൾ വഴിയും സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന് തീരുമാനമെടുത്താൽ അതിശയിക്കാനില്ല. വർത്തമാന കാലത്തിനനുസരിച്ചുള്ള ഗുരുദർശന പ്രയോഗമായി വ്യാഖ്യാനിക്കാൻ വ്യാഖ്യാതാക്കൾക്കും ക്ഷാമമുണ്ടാകില്ല. എന്തായാലും ഒരുകാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ഗുരുദർശനത്തിന് എക്കാലത്തേക്കാളും പ്രസക്തി ഇന്ന്.

Ad Image