മുഖ്യമന്ത്രി നരേന്ദ്ര മോഡി, മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ പോലീസ് ഉദ്യോഗസ്ഥരെ വഞ്ചിച്ചതായി ഗുജറാത്തില്‍ എന്‍കൌണ്ടര്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാര. തന്റെ രാജി അറിയിച്ചുകൊണ്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച 10 പേജ് വരുന്ന കത്തിലാണ് കടുത്ത ഭാഷയിലുള്ള പരാമര്‍ശങ്ങള്‍.
തന്റെ വിശ്വസ്തതയും വിശ്വാസവും നേടിയെടുക്കുന്നതില്‍ ‘നട്ടെല്ലില്ലാത്ത ഈ സര്‍ക്കാര്‍’ പരാജയപ്പെട്ടതായി വന്‍സാര പറയുന്നു. ഭീകരവാദികളെന്ന് ആരോപിച്ച് നടത്തിയ എന്‍കൌണ്ടര്‍ കൊലപാതകങ്ങളുടെ പേരില്‍ ജയിലില്‍ കഴിയുന്ന ഗുജറാത്ത്, രാജസ്താന്‍ പോലീസിലെ 32 ഉദ്യോഗസ്തരെ ഷാ വഞ്ചിച്ചതായി കത്തില്‍ പറയുന്നു.
സെപ്തംബര്‍ ഒന്നിന് സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് കത്തയച്ചത്. നരേന്ദ്ര മോഡിയെ താന്‍ ദൈവത്തെപ്പോലെയാണ് കണ്ടിരുന്നതെന്ന് കത്തില്‍ വന്‍സാര പറയുന്നു. എന്നാല്‍, ഷായുടെ ദു:സ്വാധീനത്തിന് വഴങ്ങുന്നതില്‍ മോഡിയെ കത്തില്‍ കുറ്റപ്പെടുത്തുന്നു. സ്വയം രക്ഷിക്കുന്നതിനായി ഷാ തങ്ങളെ വഞ്ചിച്ചതായി വന്‍സാര ആരോപിച്ചു.
തനിക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ആരോപിക്കാമെങ്കില്‍ ആ നയം രൂപീകരിച്ചവരെയും സി.ബി.ഐ അറസ്റ്റ് ചെയ്യണമെന്ന് വന്‍സാര ആവശ്യപ്പെടുന്നു. സര്‍ക്കാറിന്റെ ബോധപൂര്‍വകമായ നയം നടപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് വന്‍സാര പറയുന്നു.