Skip to main content

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ അമേരിക്കയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നതിന് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. വിമാന സര്‍വീസുകള്‍ നടത്തുന്നതിന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ അപേക്ഷകള്‍ പരിശോധിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരിച്ച് കൊണ്ടുവരുന്നതിന് വിമാനസര്‍വീസുകള്‍ നടത്തുന്നതിന് മറ്റ് സാധ്യതകള്‍ ആരായുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. 

യു.എസ്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ വിമാന കമ്പനികള്‍ക്ക് എയര്‍ ഇന്ത്യയുടേതിന് സമാനമായ സര്‍വീസുകള്‍ നടത്താന്‍ അനുമതി തേടിയിട്ടുണ്ട്. ഈ അപേക്ഷകള്‍ പരിശോധിച്ച് വരികയാണെന്നും മന്ത്രാലയം അറിയിച്ചു.

അമേരിക്കയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നതിനായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ മുന്‍കൂര്‍ അനുമതി നേടണമെന്നായിരുന്നു അമേരിക്കയുടെ നിര്‍ദേശം. ഇതിനായി 30 ദിവസം മുമ്പ് അപേക്ഷ നല്‍കണമെന്നും നിര്‍ദേശമുണ്ട്. മുന്‍കൂര്‍ അനുമതി നേടിയില്ലെങ്കില്‍ അടുത്തമാസം 22 മുതല്‍ എയര്‍ ഇന്ത്യയുടെ സര്‍വീസ് അനുവദിക്കില്ല എന്നാണ് അമേരിക്കയുടെ തീരുമാനം.

കഴിഞ്ഞ മാസം 26ന് അമേരിക്കന്‍ വിമാനകമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സ് ചാര്‍ട്ടേഡ് സര്‍വീസ് നടത്താനായി ഇന്ത്യയുടെ വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ തീരുമാനം.