25 ജയില്‍ വാനുകള്‍ കൊറോണവൈറസ് പരിശോധനയ്ക്കായുള്ള ലാബുകളാക്കി മാറ്റാന്‍ തീരുമാനിച്ച് ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാനത്തെ 79 രോഗബാധിത മേഖലകളിലൂടെ സഞ്ചരിച്ച് പരിശോധനകള്‍ നടത്തുന്നതിനായാണ് വാഹനങ്ങള്‍ ക്രമീകരിക്കുന്നത്. രണ്ട് വാനുകള്‍ വീതം സംസ്ഥാനത്തെ 11 ജില്ലകളിലായും ബാക്കിയുള്ള മൂന്നെണ്ണം തലസ്ഥാനത്തും തുടരും. രോഗലക്ഷണങ്ങളില്ലാതിരുന്ന 186 പേര്‍ക്ക് ശനിയാഴ്ച കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇത് സംബന്ധിച്ച് തീരുമാനം ഇടുത്തത്.
രോഗലക്ഷണങ്ങളില്ലാതെ തിലക് നഗറിലുള്ള 35 പേര്‍ക്കും തുഗ്ലകാബാദില്‍ നിന്നുള്ള 30 പേര്‍ക്കും നബികരീമില് നിന്നുള്ള 5 പേര്‍ക്കും സദാര്‍ ബസാറില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും നിസാമുദ്ദീനില്‍ നിന്നുള്ള 2 പേര്‍ക്കും കഴിഞ്ഞ ദിവസം വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. നിശ്ശബ്ദ രോഗവാഹകരില്‍ നിന്നാവാം ഇത്തരത്തില്‍ രോഗം പകര്‍ന്നതെന്ന നിഗമനത്തെ തുടര്‍ന്നാണ് വിപുലമായ പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നത്.