ഏഴ് കോണ്‍ഗ്രസ് ലോക്‌സഭാ എം.പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പാര്‍ലമെന്റ് കവാടത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള നാല് എം.പിമാര്‍ അടക്കം 7 പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. കറുത്ത റിബ്ബണ്‍ ധരിച്ചാണ് അംഗങ്ങള്‍ ഇതിനെതിരെ പ്രതിഷേധിക്കുന്നത്. സസ്പെന്‍ഷന്‍ നടപടി ഒഴിവാക്കണമെന്നും ഡല്‍ഹി കലാപത്തില്‍ ചര്‍ച്ച വേണെന്നുമാണ് ആവശ്യം.
ഹോളിക്ക് ശേഷം ഡല്‍ഹി കലാപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ അത് അനുവദിക്കാനാകില്ലെന്നും എത്രയും പെട്ടെന്ന് തന്നെ ചര്‍ച്ച ചെയ്യണമെന്നുമാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം.
ബെന്നി ബഹന്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ഉള്‍പ്പെടെ 7 പേരെയാണ് ഈ സമ്മേളനം അവസാനിക്കും വരെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇതേ തുടര്‍ന്ന് പാര്‍ലമെന്റ് പ്രക്ഷുപ്തമാവുമെന്നാണ് വിവരം. നിലവില്‍ 12 മണിവരെ ലോക്‌സഭ നിര്‍ത്തിവച്ചിരിക്കുകയാണ്.

