ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് ഇന്ന് അധികാരമേല്‍ക്കും. രാംലീല മൈതാനത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കെജ്രിവാളിനൊപ്പം മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്, ഗോപാല്‍ റോയ്, കൈലാഷ് ഗെലോട്, ഇമ്രാന് ഹുസൈന്, രാജേന്ദ്ര ഗൗതം എന്നിവരും സത്യപ്രതിജ്ഞ ചെയ്യും.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രത്യേക ക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ഇതര സംസ്ഥാന മന്ത്രിമാരെയോ നേതാക്കളെയോ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഡല്‍ഹിയുടെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 50ഓളം പേര് കെജ്രിവാളിനൊപ്പം വേദി പങ്കിടും. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, മെട്രോ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, ജോലിക്കിടയില്‍ ജീവന് നഷ്ടപ്പെട്ട അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, വീട്ടുപടിക്കല്‍ സേവനമെത്തിക്കുന്നവര്‍ എന്നിങ്ങനെ എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉണ്ടാവും.
മിനി മഫ്ളര്‍മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരുവയസ്സുകാരന് അവ്യാന് തോമറും പ്രത്യേക ക്ഷണിതാവായി ചടങ്ങില്‍ പങ്കെടുക്കും.
കെജ്രിവാള് ഇന്നലെ നിയുക്ത മന്ത്രിമാര്‍ക്ക് അത്താഴ വിരുന്ന് നല്‍കിയിരുന്നു.