Skip to main content

Maoist attack

വയനാട് മേപ്പാടിയിലെ റിസോര്‍ട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം. മേപ്പാടിയിലെ അട്ടമല ആനക്കുഞ്ഞിമൂലയില്‍ സ്വകാര്യ റിസോര്‍ട്ടിന് നേരെയാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. റിസോര്‍ട്ടിന്റെ ചില്ലുകള്‍ മാവോയിസ്റ്റുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. റിസോര്‍ട്ടിലെ കസേരകളില്‍ ചിലതും പുറത്തിട്ട് കത്തിച്ചിട്ടുണ്ട്. 

റിസോര്‍ട്ടിന് പുറത്തുള്ള പോസ്റ്റില്‍ ആക്രമണകാരണം സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററും ഒട്ടിച്ചിട്ടുണ്ട്. ആദിവാസി സ്ത്രീകളോട് ലൈംഗികച്ചുവയോടെ പെരുമാറുകയും അരി തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോയി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്താല്‍ ശക്തമായ മറുപടി ഉണ്ടാവുമെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഈ രീതിയിലുള്ള സംഭവങ്ങള്‍ നടന്നിരുന്നു. ഇതിന് ഒത്താശ നില്‍ക്കുന്ന റിസോര്‍ട്ട് നടത്തിപ്പുകാരുടെ ഗൂഢ പദ്ധതിക്കെതിരെയാണ് ഈ ആക്രമണം. 

ആദിവാസികള്‍ ആരുടെയും കച്ചവട വസ്തുവല്ലെന്നും പോസ്റ്ററില്‍ പറയുന്നു. സി.പി.ഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതിയുടേതെന്ന പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേപ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരുകയാണ്. ആക്രമണത്തിന്റെ പുറകില്‍ എത്ര പേരുണ്ടെന്നത് വ്യക്തമല്ല.

 

Tags