Skip to main content

artilary gun

ശ്രീനഗര്‍:  പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. അതിര്‍ത്തിയ്ക്കപ്പുറം നീലം വാലിയില്‍ പ്രവര്‍ത്തിക്കുന്ന നാല് തീവ്രവാദക്യാമ്പുകളിലേക്കാണ് ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തിയത്. 

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന്  റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ട്. പാക് സൈന്യം പുലര്‍ച്ചെ ആക്രമണം നടത്തിയ അതേ താങ്ധര്‍ സെക്ടറിലാണ് ഇന്ത്യ തിരിച്ചടിച്ചത്. തീവ്രവാദികളെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്  നുഴഞ്ഞു കയറാന്‍ സഹായിക്കുന്ന പാക് സൈന്യത്തിന്റെ നടപടിയ്ക്ക് തിരിച്ചടിയായാണിതെന്ന് സൈന്യം വ്യക്തമാക്കി.
   ആര്‍ട്ടിലറി ഗണ്ണുകള്‍ ആണ് ഇന്ത്യന്‍ സൈന്യം  ഉപയോഗിച്ചത്. സ്ഥിരമായി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തീവ്രവാദികളെ എത്തിക്കുന്നത് ഈ ക്യാമ്പില്‍ നിന്നാണെന്ന് നേരത്തെ ഇന്ത്യക്ക് വിവരം ലഭിച്ചിരുന്നു.
        ഇന്ന് പുലര്‍ച്ചെയാണ് ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള താങ്ധര്‍ സെക്ടറിലേക്ക് പാക് സൈന്യം വെടിവച്ചത്. ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. മൂന്ന് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തില്‍ രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
       ഒരു പ്രകോപനവുമില്ലാതെ ഉണ്ടായ ഈ ആക്രമണത്തിന് അപ്പോള്‍ത്തന്നെ ശക്തമായ തിരിച്ചടി നല്‍കിയതായി സൈന്യം അറിയിച്ചിരുന്നു. വെടിവെപ്പ് ഉണ്ടായ പാക് സൈനിക പോസ്റ്റുകള്‍ക്കെതിരെ ശക്തമായ വെടിവെപ്പ് നടത്തി. കത്വയിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്കടുത്തും ഇന്ന് പുലര്‍ച്ചെ വെടിവെപ്പ് നടന്നിരുന്നു. 
ബാരാമുള്ളയിലും രജൗരിയിലും കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. 
        സാധാരണക്കാരെ ലക്ഷ്യമിട്ട് ഇത്തരം വെടിവെപ്പ് നടത്തുന്നതിനെതിരെ ഇന്ത്യ പല തവണ പാകിസ്ഥാന് താക്കീത് നല്‍കിയിരുന്നതാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ശക്തമായതാണ്. 
          ജൂലൈയില്‍ മാത്രം 296 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുണ്ടായെങ്കില്‍ ഓഗസ്റ്റ് ആകുമ്പോഴേക്ക് അത് 307 ആയി കൂടി. സെപ്റ്റംബറില്‍ അത് 292 ആയി. അതേ മാസം തന്നെ, മോര്‍ട്ടാറുള്‍പ്പടെ വന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് 61 തവണ ആക്രമണങ്ങളുണ്ടായി. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ മരിച്ചത് 21 പേരാണ്.