പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിലെയും പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിലെയും പ്രതി നസീമുള്‍പ്പെടെ ഏഴ് പേരില്‍ നിന്ന് കഞ്ചാവ് പിടിച്ചു.ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരം നടത്തിയ മിന്നല്‍പ്പരിശോധനയിലാണ് കഞ്ചാവും മറ്റു ലഹരിയുല്പന്നങ്ങളും പിടിച്ചെടുത്തത്.സോപ്പുകവറില്‍ പൊതിഞ്ഞ് ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതി. ഇന്നലെ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ കൂട്ടുകാരാണ് കഞ്ചാവ് കൈമാറിയതെന്ന് നസീം പൊലീസിനോട് വ്യക്തമാക്കി. ആശുപത്രി ബ്ലോക്കടക്കം 16 ബ്ലോക്കുകളിലാണ് പരിശോധന നടത്തിയത്.
ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളില്‍ നിന്ന് ബീഡിയും ലഹരി വസ്തുക്കളും ഇന്നലെ നടത്തിയ പരിശോധനയില്‍ പിടികൂടിയിരുന്നു. ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി സിജിത്തില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. നടുവേദനയെന്ന കാരണത്താല്‍ ജയില്‍ ആശുപത്രിയിലായിരുന്നു സിജിത്ത്. പരിശോധനാ സംഘത്തെ കണ്ട മറ്റൊരു പ്രതി മുഹമ്മദ് ഷാഫി ബീഡിയും ഹാന്‍സും കക്കൂസിലിടുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കും. ബീഡി, പാന്‍പരാഗ് തുടങ്ങിയവും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ജയിലുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് വിശദമായ പരിശോധന നടത്തിയത്. പകല്‍ ആരംഭിച്ച റെയ്ഡ് രാത്രി വരെ നീണ്ടുനിന്നു.
