Skip to main content


തിരുവനന്തപുരം:   കേരള ജനത സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ സുകുമാരന്‍ നായരല്ല ആര് ശ്രമിച്ചാലും തെറ്റിദ്ധരിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍. എല്‍ഡിഎഫാണ് മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണത്തിനായി ശ്രമിച്ചത്്. പാവപ്പെട്ടവരായ നായന്മാര്‍ക്ക് ഇക്കാര്യമെല്ലാം അറിയാമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
       എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാടില്‍ ആശങ്കയില്ല,എന്‍എസ്എസിലെ പാവപ്പെട്ടവര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കും എന്നും അദ്ദേഹം പറഞ്ഞു. സമദൂരത്തിനിടയിലും ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം കണ്ടെത്തണമെന്ന ആഹ്വാനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു.  ശബരിമല പ്രശ്‌നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികളെ വഞ്ചിച്ചെന്നാണ് അദ്ദേഹം വിജയദശമി ദിന സന്ദേശത്തില്‍ പറഞ്ഞത്.ഇതിനു പിന്നാലെ എന്‍എസ്എസിന്റെ പിന്തുണ തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് യുഡിഎഫ് രംഗത്തെത്തിയിരുന്നു. 
      എന്നാല്‍,  എന്‍എസ്എസ് നിലപാട് എന്‍ഡിഎക്ക് അനുകൂലമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ഇന്ന് ആലപ്പുഴയില്‍ പറഞ്ഞു. സാമ്പത്തിക സംവരണം ഉറപ്പാക്കാന്‍  മുന്നിട്ടിറങ്ങിയ  നരേന്ദ്ര മോദിയിലേക്കുള്ള ദൂരമാണ്, ജി സുകുമാരന്‍ നായര്‍ പറഞ്ഞ ശരിദൂരമെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
      അതേസമയം, എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമല്ലെന്നും, തങ്ങള്‍ക്കനുകൂലമെന്ന് വരുത്തി തീര്‍ക്കാന്‍ യു ഡി എഫ് നേതാക്കള്‍ ശ്രമിക്കുകയാണെന്നും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോപിച്ചു. എന്‍എസ്എസ് പ്രാദേശിക നേതാക്കള്‍ പറയുന്നതല്ല സംഘടനയുടെ നിലപാട്.സമുദായ നേതാക്കള്‍ പറയുന്നത് അനുസരിച്ചല്ല ജനം വോട്ട് ചെയ്യുന്നത്. സമുദായ നേതാക്കള്‍ പറയുന്നത് കേട്ടിരുന്നെങ്കില്‍ 2016 ല്‍ എല്‍ ഡി എഫ് അധികാരത്തില്‍ വരില്ലായിരുന്നു. സംസ്ഥാന രാഷ്ട്രീയം വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ് നിന്നിട്ടുള്ളത്. പാല ഉപതെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയം എല്‍ഡിഎഫിന് അനുകൂലമാണെന്നും കാനം പറഞ്ഞു.