Skip to main content
Wayanad

Priyanka gandhi

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രയങ്ക ഗാന്ധി. ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഹെലികോപ്ടര്‍ മാര്‍ഗമാണ് വയനാട്ടിലെ മാനന്തവാടിയില്‍ എത്തിയത്. വലിയ ആള്‍ക്കീട്ടമായിരുന്നു പ്രിയങ്കയെ കാത്ത് പ്രചാരണസമ്മേളന വേദിയില്‍ ഉണ്ടായിരുന്നത്.

 

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇന്ത്യയെ വിഭജിക്കുകമാത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തതെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യ എന്ന യഥാര്‍ത്ഥ ആശയത്തെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ അധികാരത്തിലേറിയപ്പോള്‍ അവര്‍ മറന്നു. ആരാണ് തങ്ങളെ അധികാരത്തിലെത്തിച്ചത് എന്നുപോലും ഓര്‍ക്കാതെയാണ് ബി.ജെ.പി മുന്നോട്ട് പോയത്. രാജ്യത്തെ കര്‍ഷകരെയും പാവപ്പെട്ടവരെയും ആദിവാസികളെയും എല്ലാം അവര്‍ വഞ്ചിച്ചു.

 

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്. അവ പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് പ്രഖ്യാപിക്കുക. അതിന്റെ അവസാനത്തെ ഉദാഹരണങ്ങളാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കണ്ടത്. പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,2000 രൂപ നല്‍കുന്ന ന്യായ് പദ്ധതി പ്രഖ്യാപിച്ചതും നടപ്പിലാക്കാന്‍ കഴിയുമെന്ന ഉത്തമബോധ്യത്തിലാണെന്നും പ്രിയങ്ക പറഞ്ഞു.

 

ഇന്ന് മണ്ഡലത്തില്‍ അഞ്ച് പരിപാടികളിലാണ് പ്രിയങ്ക പങ്കെടുക്കുക. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി.വി. വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ തറവാട്ടുവീട്ടില്‍ കുടുംബാംഗങ്ങളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തും. കര്‍ഷക സംഗമത്തിലും നിലമ്പൂരിലും അരീക്കോടും നടക്കുന്ന പൊതുസമ്മേളനങ്ങളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. ഇന്ന് രാത്രി വയനാട്ടില്‍ തങ്ങുന്ന പ്രിയങ്ക നാളെയാണ് മടങ്ങുക എന്ന് കെ.പി.സി.സി നേതൃത്വം അറിയിച്ചു.