Skip to main content
ന്യൂഡല്‍ഹി

ചൈനയുടെ പൈലറ്റില്ലാ വിമാനങ്ങള്‍ എന്ന് കരുതി ഇന്ത്യന്‍ സൈന്യം ആറുമാസം നിരീക്ഷിച്ചത് രണ്ടു ഗ്രഹങ്ങളെയായിരുന്നു. വ്യാഴവും ശുക്രനുമാണ് ഇന്ത്യന്‍ അതിര്‍ത്തി ഭേദിക്കുന്നതെന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ടെലിഗ്രാഫ് പത്രമാണ് കൌതുകകരമായ ഈ വാര്‍ത്ത പുറത്തുവിട്ടത്.

 

നിരീക്ഷണ മേഖലയായ ലഡാക്കിലാണ് സംഭവം. 2012 ആഗസ്ത് മുതല്‍ 2013 ഫെബ്രുവരി വരെ 329 തവണ ഇവ കണ്ടതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 155 തവണ ഇവ അതിര്‍ത്തി ഭേദിച്ച് കടന്നതായും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. സൈന്യത്തിന്റെ ആവശ്യ പ്രകാരം ഇതിനെ കുറിച്ച് അറിയുന്നതിനായി ബാംഗ്ളൂരില്‍ നിന്നുള്ള രണ്ടു ശാസ്ത്രജ്ഞര്‍ ലഡാക്കില്‍ നിയോഗിച്ചിരുന്നു.

 

സൈന്യം കണ്ടെത്തിയ വസ്തുക്കള്‍ വ്യാഴവും മറ്റേത് ശുക്രനും ആണെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. പ്രദേശത്തിന്റെ പ്രത്യേകതകള്‍ കാരണമാണ് ഈ വസ്തുക്കള്‍ ലഡാക്കില്‍ തിളങ്ങുന്ന നിലയില്‍ കാണപ്പെട്ടതെന്നും ഈ രണ്ട് ഗ്രഹങ്ങളും നല്ല തിളക്കമുള്ളതാണെന്നും ശാസ്ത്രജ്ഞന്‍ തുഷാര്‍ പ്രഭു പറഞ്ഞു. ഫെബ്രുവരി 17 മുതല്‍ 22 വരെയായിരുന്നു നിരീക്ഷണം.

 

ചൈനീസ് സൈന്യത്തിന്റെ  കടന്നുകയറ്റമുള്ള മേഘലയായതിനാല്‍ വളരെ ഗൌരവത്തോടുകൂടിയാണ് സൈന്യം ഈ പ്രശ്നത്തെ സമീപിച്ചത്. ക്യാമറകള്‍ സ്ഥാപിച്ച പൈലറ്റില്ലാത്ത വിമാനങ്ങള്‍ ഉപയോഗിച്ച് ചൈന ഇന്ത്യന്‍ അതിര്‍ത്തിയിലെ സ്ഥലങ്ങളുടെ ചിത്രം എടുത്ത സംഭവവും പലവട്ടം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.