Skip to main content
Kochi

 dean kuriakose

പെരിയ ഇരട്ടക്കൊലപാതകത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും ഡീന്‍ കുര്യാക്കോസിനെ പ്രതിചേര്‍ക്കണമെന്നും കാസര്‍കോട്ടുണ്ടായ ജില്ലയിലുണ്ടായ നഷ്ടം യു.ഡി.എഫ് നേതാക്കളായ കമറുദ്ദീന്‍,ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

 

ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം കണക്കാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഹര്‍ത്താല്‍ നഷ്ടം കണക്കാക്കി സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഇതുപരിശോധിക്കാന്‍ കമ്മീഷനെ രൂപീകരിക്കും. ഈ കമ്മീഷനായിരിക്കും എത്ര രൂപ നഷ്ടപരിഹാരമായി ഈടാക്കേണ്ടതെന്ന്  തീരുമാനിക്കുക.

 

ഡീന്‍ കുര്യാക്കോസിന് പുറമെ കാസര്‍കോട് ഡി.സി.സി നേതാക്കളായ എം.സി. കമറുദ്ദീനുംഗോവിന്ദന്‍ നായരും ഇന്ന്‌കോടതിയില്‍ ഹാജരായിരുന്നു.മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ച വിവരം അറിഞ്ഞില്ലായിരുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയെഅറിയിച്ചു. ഇത് മുഖവിലക്കെടുക്കാതെയാണ് കോടതിയുടെ നടപടി.

 

വിഷയത്തില്‍ ഇവരുടെ വിശദീകരണം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. കോടതി അലക്ഷ്യ നടപടിയില്‍ ഇവരുടെ വാദം വിശദമായി കോടതി കേള്‍ക്കും. അതിന് മുമ്പ് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിയാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

 

ജനുവരി മൂന്നിലെ ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉണ്ടായ എല്ലാ കേസുകളിലും ബരിമല കര്‍മസമിതിയുടെ മുഴുവന്‍ നേതാക്കളേയും പ്രതിചേര്‍ക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനെതിരെയുള്ള നടപടിക്ക് സമാനമായി നഷ്ടപരിഹാരം കര്‍മസമിതി പ്രവര്‍ത്തകരില്‍ നിന്നും ഈടാക്കാനും കോടതി നിര്‍ദേശിച്ചു.