Skip to main content
തിരുവനന്തപുരം

എസ്.എന്‍.സി ലാവ്‌ലിൻ കേസിലെ കുറ്റപത്രം സി.ബി.ഐ കോടതി വിഭജിച്ചു. കുറ്റപത്രം വിഭജിക്കണമെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കോടതി കുറ്റപത്രം വിഭജിച്ചത്.

 

കുറ്റപത്രത്തില്‍ ആകെ ഒന്‍പത് പ്രതികളാണ് ഉള്ളത്. ആറാം പ്രതി ലാവ്‌ലിൻ കമ്പനി,​ ഒന്‍പതാം പ്രതി ലാവ്‌ലിൻ കമ്പനി സീനിയർ വൈസ് പ്രസിഡന്റ് ക്ളോസ് ടെൻഡ്രൽ എന്നിവരുടെ കുറ്റപത്രം പ്രത്യേകവും കേസിലെ ഏഴാം പ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ കുറ്റപത്രം വേറെയുമായി ഇനി പരിഗണിക്കും.

 

കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിണറായി കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കും. ഇതിനെ തുടര്‍ന്ന് കേസ് ജൂലൈ 31നു വീണ്ടും പരിഗണിക്കും.

 

2009ലാണ് ലാവ്‌ലിൻ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ തുടങ്ങിയ ജലവൈദ്യൂത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പുവച്ചു. കരാര്‍ സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍.