Skip to main content
തിരുവനന്തപുരം

യു.ഡി.എഫ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും താഴെ ഇറക്കുന്നത് ഇടത് മുന്നണിയുടെ അജണ്ടയിലില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുമായി ചൊവ്വാഴ്ച എ.കെ.ജി സെന്ററില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പന്ന്യന്‍ രവീന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 

യു.ഡി.എഫിന് ഭരിക്കാനുള്ള അവകാശമുണ്ട് മാത്രമല്ല പ്രതിപക്ഷം തങ്ങളുടെ കടമ കൃത്യമായി നിറവേറ്റുമെന്നും പന്ന്യന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന  കാര്യത്തില്‍ സി.പി.ഐക്കും സി.പിഎമ്മിനും ഒരേ നിലപാടാണെന്നും പന്ന്യന്‍ മാധ്യമങ്ങളോട് അറിയിച്ചു.

 

എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേക്കാള്‍ ഭേദം കെ.എം മാണിയാണെന്നും ഇടതുമുന്നണിക്ക് മാണിയോട് തൊട്ടുകൂടായ്മയില്ലെന്നും പന്ന്യന്‍ രാവിലെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അതോടൊപ്പം യു.ഡി.എഫിനെ താങ്ങി നിര്‍ത്തേണ്ട ബാധ്യത എല്‍.ഡി.എഫിനില്ലെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ പിണറായിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പന്ന്യന്‍ തന്റെ നിലപാട് മാറ്റിയത്.

 

പന്ന്യന്‍ വാക്ക് മാറ്റിയതോടെ തനിക്കു മുഖ്യമന്ത്രിയാവാനില്ലെന്ന പ്രസ്താവനയുമായി ധനമന്ത്രി കെ.എം മാണി മുന്നോട്ടു വന്നു. താന്‍ മുഖ്യമന്ത്രിയാവുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും, ഇക്കാര്യവും പറഞ്ഞ് എല്‍.ഡി.എഫിലെ നേതാക്കള്‍ തന്നെയോ താന്‍ അവരെയോ ബന്ധപ്പെട്ടിട്ടില്ലെന്നും മാണി പറഞ്ഞു.