ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്സും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എമ്മും) തമ്മില്‍ സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ ധാരണ. ജെ.എം.എം നേതാവ് ഷിബു സോറന്റെ മകന് ഹേമന്ത് സോറന് മുഖ്യമന്ത്രിയാവും. ഇരു പാര്‍ട്ടികളും ഒരുമിച്ച് നിന്നു ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും തീരുമാനമായി. 2014-ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.പി.എ സഖ്യത്തില്‍ ചേര്‍ന്ന ആദ്യ കക്ഷിയാണ് ജെ.എം.എം.
അതേസമയം ജാര്‍ഖണ്ഡിലെ 14 ലോക്സഭാ സീറ്റുകളില്‍ 10 എണ്ണത്തില്‍ കോണ്‍ഗ്രസ്സും ബാക്കിയുള്ള നാലു സീറ്റുകളില്‍ ജെ.എം.എമ്മും മത്സരിക്കും.
ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി ബി.കെ ഹരിപ്രസാദുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. ജാര്‍ഖണ്ഡ് കൂടാതെ ബംഗാള്‍, ഒറീസ, ബീഹാര്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും യു.പി.എക്കൊപ്പം സഖ്യകക്ഷിയായി ജെ.എം.എം മത്സരിക്കും.
ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി അര്ജുന് മുണ്ടെ സര്‍ക്കാരിനുള്ള പിന്തുണ ജെ.എം.എം പിന്‍വലിച്ചതോടെ ജനുവരി 8 മുതല്‍ ജാര്‍ഖണ്ഡ് രാഷ്ട്രപതിയുടെ ഭരണത്തിലാണ്. പുതിയ സര്‍ക്കാരിന് ലാലു പ്രസാദ് യാദവിന്റെ ആര്.ജെ.ഡിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 81 അംഗങ്ങളുള്ള നിയമസഭയില്‍ ജെ.എം.എമ്മിന് 18 ഉം കോണ്‍ഗ്രസ്സിനു 13ഉം അംഗങ്ങളാണ് നിലവില്‍ ഉള്ളത്. എന്നാല്‍ ആര്.ജെ.ഡി ക്കു അഞ്ച് എം.എല്‍.എമാരുണ്ട്. ഇവരുടെയും സ്വതന്ത്രരുടേയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
