സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് റിപ്പബ്ലിക് ദിനത്തില്‍ ആര്.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പാലക്കാട് ദേശീയ പതാക ഉയര്‍ത്തി. പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്കൂളിലാണ് ആര്.എസ്.എസ് മേധാവി പതാക ഉയര്‍ത്തിയത്. റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ സ്ഥാപന മേധാവികള്‍ മാത്രമേ പതാക ഉയര്‍ത്താന്‍ പാടുള്ളൂവെന്ന് പൊതുഭരണ സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കര്‍ണകി അമ്മന്‍ സ്കൂളിലും ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ചട്ടംലംഘിച്ച് പതാക ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് സ്കൂള്‍ മേനേജര്ക്കും പ്രധാന അദ്ധ്യാപകനുമെതിരെ നടപടിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കുകയും ചെയ്യുകയുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പൊതുഭരണ വകുപ്പ് റിപ്പബ്ലിക് ദിനത്തിലെ പതാക ഉയര്‍ത്തല്‍ സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്.
എന്നാല്‍ വ്യാസവിദ്യാപീഠം സ്കൂള്‍ സി.ബി.എസ്.ഇക്ക് കീഴില്‍ ആയതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ബാധകമല്ലെന്നാണ് ആര്.എസ്.എസ് വിശദീകരണം. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ മോഹന്‍ ഭാഗവതിനൊപ്പം ബിജെപി-ആര്.എസ്.എസ് നേതാക്കന്മാരും പങ്കെടുത്തു.
