Skip to main content
കയ്റോ

ഈജിപ്ത് പ്രസിഡന്റ് മൊഹമ്മദ്‌ മൊര്‍സിയെ എതിര്‍ക്കുന്നവരും അനുകൂലികളും ഞായറാഴ്ച തലസ്ഥാനത്ത് റാലിക്ക് തയ്യാറെടുക്കുന്നു. ജനാധിപത്യ പ്രക്ഷോഭത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച തീവ്രവാദ കക്ഷി മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മൊര്‍സി അധികാരത്തില്‍ ഒരുവര്‍ഷം തികക്കുന്ന വേളയിലാണ് റാലികള്‍.

 

മൊര്‍സിയെ എതിര്‍ക്കുന്നവര്‍ പട്ടാള ഭരണാധികാരി ഹോസ്നി മുബാറക്കിനെ പുറത്താക്കിയ ജനാധിപത്യ പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന തഹ്രീര്‍ ചത്വരത്തില്‍ സംഘം ചേരുകയാണ്. പ്രസിഡന്റിന്റെ വസതിക്ക് മുന്നിലും രാജ്യമെമ്പാടും പ്രതിഷേധ റാലികള്‍ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളും സുരക്ഷാ ഭീഷണികളും പരിഹരിക്കുന്നതില്‍ മൊര്‍സി പരാജയപ്പെട്ടു എന്നാണ് ആരോപണം. പ്രസിഡന്റ് രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മൊര്‍സിയെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നാണ് മൊര്‍സി അനുകൂലികള്‍ ആവശ്യപ്പെടുന്നത്.

 

റാലിയുടെ മുന്നോടിയായി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. യു.എസ് വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ വെള്ളിയാഴ്ച നടന്ന അക്രമസംഭവത്തില്‍  കൊല്ലപ്പെട്ടിരുന്നു.