Skip to main content

Ramaleela-movie

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ രാമലീല തീയറ്ററുകളിലെത്തി. പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ സിനിമ എന്നു വേണം രാമലീലയെ വിളിക്കാന്‍ . കൊച്ചിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ചളിയടി' ഇല്ലാത്ത സിനിമ.  നായകന്‍ ദിലീപ് ജയിലിനുള്ളിലാണെങ്കിലും അത് പ്രക്ഷകരുടെ എണ്ണത്തെ സാരമായി ബാധിച്ചിട്ടില്ല.

 

രാഷ്ട്രീയ പശ്ചാത്തലത്തിലാണ് രാമലീല ഒരുക്കിയിരിക്കുന്നത്, ഇടതുപക്ഷരാഷ്ട്രീയവും വെട്ടിനിരത്തിലുമാണ് പ്രതിപാധ്യ വിഷയം. എന്നാല്‍ പതിവ് രാഷ്ട്രീയ സിമിനകളെപ്പോലെയല്ല സംവിധായകന്‍ അരുണ്‍ ഗോപി സിനിമയെ അവരിപ്പിച്ചിരിക്കുന്നത്. കടിച്ചാല്‍ പൊട്ടാത്ത സംഭഷണങ്ങളോ, സംഘട്ടനങ്ങളോ രാമലീലയില്‍ പ്രതീക്ഷിക്കേണ്ട.

 

ഇടതുപക്ഷ രാഷ്ട്രീയത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന അച്ഛന്റെയും അമ്മയുടെയും മകനായിട്ടാണ് ദിലിപ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്, രാമനുണ്ണിയായി. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ രാമനുണ്ണിയുടെ അച്ഛന്‍ കൊല്ലപ്പെടുന്നു. ആ പേരില്‍ ദിലീപിനെ പാര്‍ട്ടി മത്സരിപ്പിച്ച് എം. എല്‍.എ ആക്കുന്നു. തുടര്‍ന്ന്  ആ കൊല നടത്തിയത് സ്വന്തം പാര്‍ട്ടിയിലെ തന്നെ ആളുകളാണെന്ന് രാമനുണ്ണി തിരിച്ചറിയുന്നു. അങ്ങനെ പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറി അമ്പാടി മോഹനനുമായി ദിലീപ് തെറ്റുന്നു.മോഹനാനായി വേഷമിട്ടിരിക്കുന്നത് വിജയരാഘവനാണ് .
 

പാര്‍ട്ടിവിട്ട് എതിര്‍ ചേരിയിലെത്തി ഉപതെരെഞ്ഞെടുപ്പിനെ നേരിടുന്നു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടിയില്‍ മോഹനന്‍ കൊല്ലപ്പെടുന്നു. ഇതിനിടയിലെ രാഷ്ട്രീയ കളികളും അച്ഛനെ കൊന്നവരോടുള്ള രാമനുണ്ണിയുടെ പകയുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. സാധാരണ ദിലീപ് ചിത്രങ്ങളിന്‍ ചിരിയാണ് മുന്നിട്ട് നില്‍ക്കുന്നതെങ്കില്‍ രാമലീല അക്കാര്യത്തില്‍ പിന്നോട്ടാണ്. രാമനുണ്ണി ഒരിക്കലും ചിരിപ്പിക്കുന്നില്ല, എന്നാല്‍  സഹായി ആയി അഭിനയിക്കുന്ന കലാഭവന്‍ ഷാജോണ്‍ ഇടക്കിടെ  ചിരി സമ്മാനിക്കുന്നു. സിനിമയെ വിരസ മല്ലാത്തതാക്കുന്നതില്‍ വലിയൊരു പങ്ക് ഷാജോണ്‍ വഹിക്കുന്നുണ്ട്.

 

ചിത്രത്തില്‍ നായികയായി വേഷമിട്ടിരിക്കുന്നത് പ്രയാഗ മാര്‍ട്ടിനാണ്. ഹെലന എന്നാണ് കഥാപാത്ര ത്തിന്റെ പേര് . എന്നാല്‍ ഇടവേളക്കു ശേഷമാണ് നായികക്ക് പ്രാധാന്യം വരുന്നത്. ക്ലീഷേ പ്രകടനങ്ങളൊന്നും നായികയും നായകനുമായിട്ടില്ല.

 

ചിത്രത്തില്‍ എടുത്ത് പറയേണ്ട മറ്റൊരു കാഥാപാത്രം മുകേഷിന്റേതാണ്. മോഹനന്‍ന്റെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പോള്‍സണ്‍ ദേവസ്സി എന്ന കാഥാ പാത്രത്തെയാണ് മുകേഷ് അവതരിപ്പിക്കുന്നത്.

 

എതിര്‍ പാര്‍ട്ടി നേതാവ് ഉദയഭാനു വായി വേഷമിട്ടിരിക്കുന്ന സിദ്ധിക്കും നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. രണ്‍ജി പണിക്കര്‍ നായികയുടെ അച്ഛനായിട്ടാണ് സിനിമയില്‍ ഉള്ളത്.സിനിമ നിര്‍മാതാവ് സുരേഷ് കുമാറും ഒരു വേഷം സിനിമയില്‍ ചെയ്തിട്ടുണ്ട്. അശോകന്‍, സലീം കുമാര്‍, ലെന, സായികുമാര്‍ എന്നിങ്ങനെ കുറേ താരങ്ങളുംസിനിമയില്‍ അണിനിരക്കുന്നുണ്ട്.

 

ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയോട് താരതമ്യം ചെയ്യാവുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ സിനിമയില്‍ ഉണ്ട്.സാങ്കേതികതയുടെ കാര്യത്തിലോ മറ്റോ വലിതായൊന്നും എടുത്ത് പറയാനില്ല, സച്ചിയുടെ കഥ,തിരക്കഥ,സംഭാഷത്തിന് അരുണ്‍ ഗോപിയുടെ സംവിധാനം കൂടിയായപ്പോള്‍ രാമലീല മോശമല്ലാത്ത സിനിമയായിമാറി. എന്തായാലും രാമലീല പ്രേക്ഷകര്‍ക്ക് അത്ഭുതമൊന്നും സമ്മാനിച്ചില്ലെങ്കിലും നിരാശ നല്‍കില്ല.

Tags