Skip to main content

മൂന്നാറില്‍ ഏലമലക്കാടുകളിലടക്കം വ്യാപക കയ്യേറ്റമെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍ മൂലം ഭൂമിയുടെ രേഖകളും നിര്‍മാണങ്ങളും പരിശോധിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടയഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കണ്ടെത്ത‍ിയ റിപ്പോര്‍ട്ട് അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്നും ശുപാര്‍ശ നൽകിയിട്ടുണ്ട്.

 

അനധികൃത നിര്‍മ്മാണങ്ങളും കൈയ്യേറ്റങ്ങളും മൂന്നാറിനെ നശിപ്പിക്കുന്നുവെന്നും സ്ഥിതി അതീവ ഗുരുതരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാറിലെ കണ്ണന്‍ദേവന്‍ ഹില്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളില്‍ കൈയ്യേറ്റം വ്യാപകമാണ്. വനഭൂമിയുടെ സ്വഭാവമുള്ള ഏലത്തോട്ടങ്ങളിലെ അനധികൃത നിര്‍മാണങ്ങളും പരിസ്ഥിതിക്ക് ദോഷമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

കൈയ്യേറ്റം തടയാനും കൈയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാനും രൂപീകരിച്ച ഭൂസംരക്ഷണ സേനയിലെ അംഗങ്ങളുടെ എണ്ണം കൂട്ടണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.