Skip to main content

നോട്ടസാധുവാക്കല്‍ നടപ്പിലാക്കിയത് ശരിയായ സമയത്ത് തന്നെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയറ്റ് ചര്‍ച്ചയില്‍ നടപടി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

 

ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തില്‍ മിന്നലാക്രമണം, തൊഴിലുറപ്പ് പദ്ധതി, പട്ടികജാതിക്കര്‍ക്കുള്ള പദ്ധതികള്‍ എന്നിവക്കുള്ള വിഹിതം എന്നിവ സംബന്ധിച്ചും പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞു. ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള നിര്‍ദ്ദേശവും മറുപടിയില്‍ പ്രധാനമന്ത്രി ഉയര്‍ത്തി.

 

പ്രതിപക്ഷം നന്ദിപ്രമേയത്തിന്‍മേല്‍ 189 ഭേദഗതി നിര്‍ദ്ദേശിച്ചെങ്കിലും സര്‍ക്കാര്‍ എല്ലാം തള്ളി. കോണ്‍ഗ്രസിന്റെ ബഹിഷ്കരണത്തിനിടെ പ്രമേയം സഭ പാസാക്കി.

 

സമ്പദ്വ്യവസ്ഥ നല്ല നിലയില്‍ ആയിരിക്കുമ്പോള്‍ നോട്ടസാധുവാക്കല്‍ തീരുമാനം എടുത്തതിനെ ചിലര്‍ വിമര്‍ശിച്ചെങ്കിലും നടപടിയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്പദ്വ്യവസ്ഥ ദുര്‍ബലമായിരുന്നുവെങ്കില്‍ തീരുമാനം വിജയകരമായി നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീരുമാനം തിടുക്കത്തില്‍ എടുത്തതാണെന്ന ആരോപണവും അദ്ദേഹം തള്ളി. രാഷ്ട്രീയ നേട്ടത്തിനല്ല, ദരിദ്രരുടെ ക്ഷേമത്തിനായിട്ടാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.