Skip to main content

യു.എസ് സൈനിക-നയതന്ത്ര രേഖകള്‍ വികിലീക്സിന് ചോര്‍ത്തിക്കൊടുത്ത കേസില്‍ ശിക്ഷ അനുഭവിക്കുന്ന ചെല്‍സിയ മാനിംഗിന്റെ ശിക്ഷ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ലഘൂകരിച്ചു. ആവശ്യത്തിന് ശിക്ഷ മാനിംഗ് അനുഭവിച്ചതായി നിരീക്ഷിച്ചാണ് നടപടി.

 

യു.എസ് സൈന്യത്തില്‍ പ്രൈവറ്റ് ആയി സേവനമനുഷ്ഠിച്ചു വരവേയാണ് ലക്ഷക്കണക്കിന്‌ വരുന്ന രേഖകള്‍ മാനിംഗ് ചോര്‍ത്തിയത്. തടവില്‍ കഴിയവേ തന്റെ ഭിന്നലിംഗ വ്യക്തിത്വം വെളിപ്പെടുത്തിയ അവര്‍ ബ്രാഡ്ലി മാനിംഗ് എന്ന പേര് മാറ്റി ചെല്‍സിയ മാനിംഗ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.

 

മറീന്‍ കോറില്‍ നിന്ന്‍ വിരമിച്ച ജനറല്‍ ജെയിംസ് കാര്‍ട്ട്റൈറ്റിനും ഒബാമ മുഴുവന്‍ ശിക്ഷ ഇളവ് ചെയ്ത് കൊടുത്തിട്ടുണ്ട്. സംയുക്ത ചീഫ് ഓഫ് സ്റ്റാഫ് സമിതിയുടെ ഉപാധ്യക്ഷനായിരുന്ന കാര്‍ട്ട്‌റൈറ്റ് ഇറാന്റെ ആണവ പദ്ധതിയ്ക്ക് നേരെ യു.എസും ഇസ്രയേലും നടത്തിയ സൈബര്‍ ആക്രമണത്തിന്‍റെ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച അന്വേഷണത്തില്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയോട് നുണ പറഞ്ഞതായി കാര്‍ട്ട്‌റൈറ്റ് സമ്മതിച്ചിരുന്നു.

 

വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കതിരെ ഏറ്റവും കൂടുതല്‍ കേസുകള്‍ ചാര്‍ജ് ചെയ്ത ഒബാമ ഭരണകൂടത്തിന്റെ അവസാന നിമിഷത്തിലെ ഈ നടപടി ആശ്ചര്യം ജനിപ്പിച്ചിട്ടുണ്ട്. നടപടിക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.