കൊച്ചി: ഐ.പി.എല്‍ ഒത്തുകളി കേസില്‍ ജാമ്യം ലഭിച്ച ശ്രീശാന്ത് ബുധാനാഴ്ച രാവിലെ ഒന്‍പത് മണിയോടുകൂടി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീശാന്തിനെ കാണാന്‍ മാധ്യമപ്രവര്‍ത്തകരടക്കം വന്‍ ജനാവലിയായിരുന്നു കാത്തിരുന്നത്. ഒത്തുകളി കേസില്‍ താന്‍ നിരപരാധിയാണെന്ന് ശ്രീശാന്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുമെന്നും ശത്രുക്കള്‍ക്ക് പോലും ഇങ്ങനെയൊരു അനുഭവം ഉണ്ടാവരുതെന്നും ശ്രീശാന്ത് പറഞ്ഞു. ഈ അവസ്ഥയിലും തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ചയാണ് ശ്രീശാന്ത് ഉള്‍പ്പെടുന്ന 18 പേര്‍ക്ക് ദല്‍ഹിയിലെ സാകേത് കോടതി ജാമ്യം അനുവദിച്ചത്. ഐ.പി.എല്‍ വാതുവെപ്പു കേസില്‍ ഒരു മാസം നീണ്ട പോലീസ് കസ്റ്റഡിക്കും ജയില്‍ വാസത്തിനും ശേഷമാണ് ശ്രീശാന്ത് ജയില്‍ മോചിതനായത്. നിരപരാധിത്വം തെളിയിച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ് തന്റെ ലക്ഷ്യമെന്നു ശ്രീശാന്ത് വ്യക്തമാക്കി.
