വിമര്‍ശനം നേരിടുന്ന പശുരക്ഷക സംഘങ്ങളെ പ്രതിരോധിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ജൈനരടക്കമുള്ളവര്‍ പശുരക്ഷ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഭഗവത് പശുരക്ഷകര്‍ നല്ലവരാണെന്നും എന്നാല്‍ ഭരണഘടനയ്ക്ക് അകത്തുനിന്ന്‍ പ്രവര്‍ത്തിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ ആസ്ഥാനമായ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സ്ഥാപകദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശുരക്ഷയുടെ പേരില്‍ തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ഭഗവത് ആരോപിച്ചു. വ്യാജരില്‍ നിന്ന്‍ ശരിയായ പശുരക്ഷകരെ അധികൃതര്‍ തിരിച്ചറിയണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കശ്മീരിലെ സൈനിക നടപടികള്‍ക്ക് സൈന്യത്തെയും കേന്ദ്ര സര്‍ക്കാറിനെയും ഭഗവത് അഭിനന്ദിച്ചു. പ്രതിപക്ഷ കക്ഷികള്‍ കേവലമായ എതിര്‍പ്പിന് വേണ്ടി എതിര്‍ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംഘടന അതിന്റെ യൂണിഫോമായി ഉപയോഗിച്ചിരുന്ന കാക്കി നിക്കര്‍ മാറ്റി അതേ കളറിലുള്ള പാന്റ്സ് ആക്കിയതിന് ശേഷം നടക്കുന്ന ആദ്യ സ്ഥാപകദിനമാണിത്. 1925-ലെ വിജയദശമി ദിനത്തിലാണ് സംഘടന സ്ഥാപിക്കപ്പെട്ടത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
