Skip to main content

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ ഇന്ത്യ ഒക്ടോബര്‍ രണ്ടിന് ഒപ്പ് വെക്കും. ആഗോള താപനം ചെറുക്കുന്നതിനായുള്ള ശ്രമത്തില്‍ നിര്‍ണ്ണായകമായ ചുവടുവെപ്പായിരിക്കും ഇന്ത്യയുടെ നടപടി. കോഴിക്കോട് ബി.ജെ.പി ദേശീയ കൌണ്‍സിലിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

 

കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള തങ്ങളുടെ കര്‍മ്മ പദ്ധതി ഇന്ത്യ കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിച്ചിരുന്നു.

 

കഴിഞ്ഞ ഡിസംബറില്‍ പാരീസില്‍ നടന്ന സമ്മേളനത്തില്‍ 195 രാജ്യങ്ങള്‍ ചേര്‍ന്ന്‍ അംഗീകരിച്ച ഉടമ്പടിയില്‍ ഇതുവരെ 60 രാജ്യങ്ങള്‍ ഒപ്പ് വെച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയും യു.എസും സെപ്തംബര്‍ മൂന്നിന് ഉടമ്പടിയില്‍ ഒപ്പ് വെച്ചിരുന്നു. സെപ്തംബര്‍ 21-ന് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് 31 രാജ്യങ്ങള്‍ കൂടി ഉടമ്പടിയുടെ ഭാഗമായി.

 

ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 55 ശതമാനത്തെ പ്രതിനിധീകരിക്കപ്പെടുന്ന രീതിയില്‍ ചുരുങ്ങിയത് 55 രാജ്യങ്ങള്‍ ഒപ്പ് വെച്ച് 30 ദിവസത്തിനകം ഉടമ്പടി പ്രാബല്യത്തില്‍ വരും. 55 രാജ്യങ്ങള്‍ എന്ന കടമ്പ കടന്നെങ്കിലും ഇതുവരെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 47.62 ശതമാനമേ പ്രതിനിധാനം ആയിട്ടുള്ളൂ. ഇന്ത്യ കൂടി ചേരുമ്പോള്‍ ഇതില്‍ 4.1 ശതമാനത്തിന്റെ വര്‍ധന ഉണ്ടാകും.

 

ഉടമ്പടി ഈ വര്ഷം തന്നെ പ്രാബല്യത്തില്‍ വരുമെന്ന് ഉറപ്പായിട്ടുണ്ട്. നവംബറില്‍ യു.എന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സ് മൊറോക്കോയില്‍ ആരംഭിക്കുന്നതിന് മുന്നേ ഉടമ്പടിയില്‍ ഒപ്പ് വെക്കുമെന്ന് 14 രാജ്യങ്ങള്‍ സെപ്തംബര്‍ 21-ന് നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നായി കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 12.58 ശതമാനമുണ്ട്.