Skip to main content

ഗൾഫ് രാജ്യത്ത് താമസിക്കുന്ന കുടുംബം. മകന് കഷ്ടിച്ച് ഒന്നേമുക്കാൽ വയസ്സേ ആകുന്നുള്ളു. വസ്തുക്കളും വാക്കുകളുമൊക്കെ അയാൾ ഉറപ്പിച്ചു വരുന്നു. നാടുമായുള്ള ജൈവ ബന്ധം തങ്ങളുടെ കുട്ടിയിലേക്കും വിന്യസിപ്പിക്കണമെന്ന ആഗ്രഹമുള്ള അച്ഛനമ്മമാർ. ദീർഘനാളത്തെ വാർഷികാവധിക്ക് അവർ നാട്ടിലെത്തി. വന്നത് കൊടും ചൂടിൽ നിന്നാണെങ്കിൽ നാട്ടിൽ നല്ല മഴക്കാലം. അതു തന്നെ ഒന്നേമുക്കാൽക്കാരന് പെരുത്ത സന്തോഷം നല്‍കി. അവൻ മഴയത്തിറങ്ങി തുള്ളിച്ചാടി. അച്ഛൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജീവിതത്തിലെ ആദ്യാനുഭവങ്ങൾ ബോധപൂർവ്വം ആസ്വദിക്കുന്നതിന്റെ ഉത്സാഹത്തിൽ ഉണ്ണിയും. ഇവിടെ കാണുന്നതൊക്കെ അവന് കൗതുകം. വീട് നാട്ടിൻപുറത്തുമായതിനാൽ രാവിലെ കിളിപ്പാട്ടുകൾ കേട്ടാണ് അവൻ ഉണരുന്നതു പോലും. അവന്റെ മുത്തച്ഛനും മുത്തശ്ശിയുമെല്ലാം ഓരോന്നിനേയും പരിചയപ്പെടുത്തിക്കൊടുക്കുന്നു. കാക്കേം പൂച്ചേം മൈനേം എല്ലാം അവൻ കുതൂഹലത്തോടെ പരിചയപ്പെടുന്നു. ഗൾഫിൽ  വീട്ടിനകത്തുള്ള സമയം മുഴുൻ ഏസിക്കകത്താണെങ്കിൽ നാട്ടിൽ വീട്ടിലുള്ളപ്പോൾ കൂടുതൽ സമയവും വീട്ടിനു പുറത്ത്. മഴക്കാലമായതിനാൽ ചൂടുമില്ല. അവന്റെ കൗതുകം കണ്ട് പല സ്ഥലങ്ങളിലും കൊണ്ടു പോയി. പലതും കണ്ടു. നാട്ടിൽ വന്നതിന് ശേഷം പുത്തൻ വാക്കുകൾ പെറുക്കിയെടുത്ത് തന്റെ ജ്ഞാനശേഖരത്തിലേക്ക് നിക്ഷേപിക്കുന്നത് ഗണ്യമായി കൂടി.

 

ഒരു ദിവസം ഉണ്ണിയുമായി വീട്ടിലുള്ളവരെല്ലാവരും കൂടി പത്തനംതിട്ട ജില്ലയിലെ കോന്നിയിലേക്കു പോയി. കോന്നിയായിരുന്നു തെക്കൻകേരളത്തിലെ ആന പരിശീലന കേന്ദ്രം. ഇപ്പോൾ അവിടം മുഖ്യമായും വിനോദ സഞ്ചാരകേന്ദ്രമായി മാറി. ഇവർ പോയ സമയത്ത് അവിടെയൊരു കുട്ടിയാനയും ഉണ്ടായിരുന്നു. ഏതാണ്ട് ഇദ്ദേഹത്തിന്റെ പ്രായമുള്ള കുട്ടിക്കൊമ്പൻ. മൂപ്പർക്ക് കുട്ടിക്കൊമ്പനെ ക്ഷ പിടിച്ചു. രണ്ടു പേരും തമ്മിൽ ഒരു സൗഹൃദം തന്നെയുണ്ടായി. മൃഗങ്ങളോട് ഇയാൾക്ക് വലിയ ഇഷ്ടം തന്നെയുണ്ട്. പശുവിനെ ആദ്യമായി കാണുന്നത് ഇക്കുറി നാട്ടിൽ വന്നപ്പോഴാണ്. അതുപോലെ ആടും. ആടിനെ കണ്ടതിനു ശേഷം ആട് ആട് എന്നു പറഞ്ഞു നടക്കുന്നത് പതിവായി.

 

ഇവിടെ ജനിച്ചു വളരുന്ന കുട്ടികൾ ചുറ്റുപാടിൽ നിന്ന് മനസിലേക്ക് കയറ്റിയയ്ക്കുന്ന രൂപങ്ങളും ശബ്ദങ്ങളുമൊക്കെ എന്നു തൊട്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാക്കുക പ്രയാസമായിരിക്കും. മാത്രവുമല്ല, ചുറ്റുപാടായതിനാൽ കുഞ്ഞിന് അതിൽ വലിയ പ്രത്യേകത തോന്നുകയുമില്ല. ഇപ്പോഴത്തെ കുട്ടികളുടെ കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയുമൊക്കെ അടുത്തുള്ള സമീപനം പോലെ. വർഷങ്ങൾക്ക് മുൻപ് അവ നമ്മുടെ ജീവിതത്തിലേക്കെത്തിയപ്പോൾ അതിൽ കണ്ട കൗതുകം മുതിർന്നവർക്ക് ഓർത്താൽ അറിയാവുന്നതാണ്. തുടക്കത്തിൽ ചിലർ കമ്പ്യൂട്ടർ പൊതു ഒഫീസുകളിൽ അടിച്ചു പൊട്ടിച്ചുവെങ്കിലും കമ്പ്യൂട്ടർ സ്ഥാപിച്ച സ്ഥാപനങ്ങളിൽ അതിൻമേൽ തൊടാൻ പോലും ആ ഓഫീസിലെ എല്ലാവർക്കും അവകാശമില്ലായിരുന്നു. ലാൻഡ് ലൈൻപോലും നമ്മുടെ ജീവിതത്തിൽ അപൂർവ്വ വസ്തുവായി തുടരുന്ന സമയത്താണ് മൊബൈൽ ഫോൺ കടന്നുവന്നത്. അതും സൃഷ്ടിച്ച കൗതുകം ഓർക്കാവുന്നതാണ്. അങ്ങനെയങ്കിൽ ജീവിതത്തിൽ ആദ്യമായി ശുദ്ധമായി കിടക്കുന്ന ബോധപ്രതലത്തിൽ പുതിയ കാഴ്ചകളെ രേഖപ്പെടുത്തുന്ന കുട്ടിയുടെ കൗതുകം എന്തായിരിക്കും. എത്രയോ വർഷത്ത അടിഞ്ഞു കിടക്കുന്ന ബിംബങ്ങളുടെ പുറത്താണ് മുതിർന്നവർ പുതുതായി എന്തെങ്കിലും കാണുമ്പോൾ അടുക്കിവയ്ക്കുക. അതിനാൽ അവിടെ അവശേഷിക്കുന്ന ബിംബങ്ങളാണ് പുതുതായി വരുന്നതിനെ നോക്കിക്കാണുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നത്. അതുകൊണ്ടാണ് ചിലർക്ക് ചില പുതുമകൾ കാണുമ്പോൾ വിസ്മയവും അചിന്തനീയവുമൊക്കെ ആയിത്തോന്നുന്നത്. നമുക്ക് ചക്രം കണ്ടു തുടങ്ങിയപ്പോൾ വലിയ അതിശയമൊന്നും തോന്നിക്കാണില്ല. എന്നാൽ ആദ്യമായി ചക്രമുണ്ടാക്കിയ വ്യക്തിയുടെയും ആദ്യമായി ചക്രം കണ്ടവരുടെയുമൊക്കെ വിസ്മയം ഊഹിക്കാവുന്നതാണ്.

 

കമ്പ്യൂട്ടറും മൊബൈൽ ഫോണും ആധുനിക ലോകത്തിന്റെ കമ്പോളവിസ്മയക്കാഴ്ചകളുമെല്ലാം മനസ്സിൽ പതിഞ്ഞുകിടക്കുന്ന ഈ ഒന്നമുക്കേൽക്കാരൻ വയലേലകളും നാട്ടിൻപുറവും കാക്കേം പൂച്ചേം അണ്ണാറക്കണ്ണനേയും തത്തയേയും മൈനയേയുമൊക്കെ കാണുമ്പോൾ അയാളിലുണ്ടാകുന്ന വികരവിസ്മയങ്ങൾ അയാൾക്കുപോലും അറിയാൻ കഴിയില്ല. പക്ഷേ അയാൾ അത് ആസ്വദിക്കുന്നുണ്ട്. ആ ആസ്വാദനമാണ് കുഞ്ഞുമനസ്സിന്റെ പഠനവും. പഠനത്തിന്റെ സ്വഭാവം എങ്ങനെയാവണമെന്നും ആ കൗതുകത്തിലേക്കു നോക്കിയാൽ മുതിർന്നവർക്ക് പഠിക്കാൻ പറ്റും. എത്ര മുതിർന്നാലും പഠനപ്രക്രിയ ആ കുട്ടി കാണിക്കുന്ന കൗതുകത്തിന്റെ ചാലിലൂടെ നീങ്ങണം. എന്നാൽ മൂന്നു വയസ്സാകുന്നതിനു മുൻപ് തന്നെ കുട്ടികളുടെ കൗതുകവഴിയിൽ നാം ചെറുതും വലുതുമായ തടയണകൾ കെട്ടുന്നു. നദിപോലെ ഒഴുകിയിരുന്ന ആ കുരുന്നിന്റെ ആസ്വദ്യതയുടെ അസ്തമനം സംഭവിക്കുന്നു. പിന്നെ വൃഷ്ടിപ്രദേശത്തു വീഴുന്ന വെള്ളത്തിന്റെ ഗതിയെ ആശ്രയിച്ചിരിക്കുന്നു അവന്റെയും അവളുടെയും ഊർജ്ജോൽപ്പാദനം.

 

നമ്മുടെ ഒന്നേമുക്കാൽക്കാരനുമായി വീട്ടുകാർ കിട്ടുന്ന സമയമെല്ലാം ഓരോ സ്ഥലങ്ങളിലേക്കു പോകും. ഒരിക്കൽ പാടത്തിന്റെ നടുവിലൂടെയുള്ള റോഡിലൂടെ കാറിൽ പോയിക്കൊണ്ടിരിക്കുന്നു. അവന്റെ ശ്രദ്ധ മുഴുവൻ കുട്ടനാടൻ പാടശേഖരങ്ങളുടെ വിസ്തൃതിയിലാണ്. അപ്പോഴാണ് അവൻ ഉറക്കെ വിളിച്ചു പറഞ്ഞത്, ആന. കാറോടിച്ചുകൊണ്ടിരുന്ന അവന്റെ അച്ഛൻ പോലും വേഗതയൊന്ന് കുറച്ച് പരിസരത്തേക്കു നോക്കി, എവിടെയാണ് ആനയെന്നു കാണാൻ. കാറിലുള്ള എല്ലാവരും നോക്കി. കാരണം മുതിർന്നവരുടെ എല്ലാവരുടെയും മനസ്സിൽ ആനയുണ്ട്. ആ ആനയെയാണ് അവർ നോക്കുന്നത്. എങ്ങും കാണുന്നില്ല. അവർ പിന്നീട് അവന്റെ മുഖത്തേക്കു നോക്കി. എങ്ങോട്ടാണ് ഉണ്ണി നോക്കുന്നതെന്നറിയാൻ. അപ്പോൾ ഒരു പൊട്ടിച്ചിരിയോടെ അവർ അവനെ തിരുത്തി, മോനേ അത് ആനയല്ല, എരുമയാണ്.

 

അവന്റെ മുഖത്ത് ചിരി വന്നില്ല. അവൻ ഗൗരവത്തോടെ അതിനെ നോക്കി. കാരണം എന്താണ് ചിരിയുടെ കാര്യമെന്ന് അവനറിയില്ല. അവന്റെ, ഇപ്പോഴും ശുദ്ധിയോടും വൃത്തിയോടും പൊടിപടലങ്ങളും അഴുക്കുമൊന്നില്ലാതെ അവശേഷിക്കുന്ന, സ്മൃതി മണ്ഡലത്തിൽ എരുമയില്ലായിരുന്നു. ഏതാനും ദിവസം മുൻപ് കണ്ട ആനയുണ്ട്. വിശേഷിച്ചും കുട്ടിക്കൊമ്പൻ. ഏതാണ്ട് അത്ര തന്നെ ഉയരമുള്ള കറുത്ത നിറമുള്ളത്. അതിനെ അവൻ ആനയായി തിരിച്ചറിഞ്ഞു. അവൻ ഏതാനും ദിവസം മുൻപ് മനസ്സിൽ പതിപ്പിച്ച രൂപമാണ് കുട്ടിയാനയുടേത്. അതവന്റെ അറിവാണ്. ആ അറിവാണ് സമാനരൂപമുള്ള എരുമയെക്കണ്ടപ്പോൾ അതിനെ ആനയാണെന്ന് മനസ്സിലാക്കാൻ പ്രേരിപ്പിച്ചത്. അവൻ നേടിയ അറിവുപയോഗിച്ചുകൊണ്ട് ലോകത്തെ മനസ്സിലാക്കുന്നതിന്റെ ആദ്യാദ്ധ്യായത്തിലൂടെ ആ ഒന്നേമുക്കാൽകാരൻ കടന്നുപോകുന്നു.

 

എരുമയെ അടുത്തു കാണാൻ കഴിയാതിരുന്നതിനാൽ എരുമയുടെ രൂപവ്യത്യാസം ആനയുടേതിൽ നിന്ന് എത്രമാത്രം ഉണ്ടാവുമെന്ന് അവന് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതവനിൽ അടുത്ത തവണ എരുമയെക്കാണുമ്പോഴോ അല്ലെങ്കിൽ ഒരു കുട്ടിയാനയെ അൽപ്പം ദൂരെക്കാണുമ്പോഴോ സംശയം ജനിപ്പിച്ചേക്കാം. ഒരു വ്യക്തമായ രൂപവും മറ്റൊന്നു വ്യക്തമായ രൂപത്തിനോട് സാമ്യമുണ്ടെങ്കിലും അതല്ലെന്നും മനസ്സിലാക്കി. രണ്ടാമത്തെ രൂപം കൃത്യമായി കണ്ടതുമില്ല. ഇങ്ങനെ സംശയങ്ങൾ ജനിക്കുന്നു. രണ്ടാമത്തെ പടിയായി അവനിൽ ആകാംക്ഷയുണ്ടാകും, രണ്ടാമതു കണ്ടതിനെ അടുത്തു കാണാൻ. എന്നാൽ, അതു കാണണമെന്നു പറയാനും അതിന് കൗതുകമുണ്ടെന്നു പറയാനുമുള്ള ഭാഷയും സംവേദനക്ഷമതയും ഒന്നേമുക്കാൽകാരന് ഉണ്ടാവില്ല. അവനെ താമസിയാതെ ഒരു എരുമയുട അടുത്തുകൊണ്ടുപോയി കാണിക്കുകയാണെങ്കിൽ അവൻറെ ഉള്ളിലുണ്ടാകുന്ന ആനന്ദത്തിന് അതിരുണ്ടാകില്ല. കാരണം അവനിൽ അറിവുണ്ടാകുന്നു. രണ്ടെണ്ണത്തിനെ തിരിച്ചറിയാനുള്ള അറിവ്. ഈ അറിവാണ് ജന്തുലോകത്തിൽ നിന്ന് മനുഷ്യനെ വേറിട്ടതാക്കുന്നത്. ഈ അറിവാണ് ആത്യന്തികമായി മനുഷ്യനെ മനുഷ്യനാക്കുന്നത്. ആ മാനുഷികാംശം അറിയുന്നതിന്റെ ആനന്ദമായിരിക്കും ആ തിരിച്ചറിവിലൂടെ അവൻ അനുഭവിക്കുന്നത്.

 

ഈ ആനന്ദമാണ് മനുഷ്യൻ മുതിരുമ്പോൾ നഷ്ടമാകുന്നത്. അപ്പോൾ അവ്യക്തത. ആ അവ്യക്തതയിൽ കണ്ണിൽ കാണുന്നതിന്റെ പിന്നാലെ ഓടിപ്പോകും. മനുഷ്യനിൽ നൈസർഗ്ഗികമായി അവന്റെ അവകാശമെന്നോണമുള്ള ആനന്ദമറിയാൻ. പക്ഷേ ഓരോ വസ്തുവിലുമാണ് അല്ലെങ്കിൽ ഓരോ സാഹചര്യത്തിലാണ് തന്റെ സന്തോഷം ഒളിഞ്ഞിരിക്കുന്നതെന്ന ധാരണയിൽ അവനും അവളും അവരൊന്നിച്ചും ഓടുന്നു. നാമെല്ലാം ചേർന്നു കൂട്ടയോട്ടവും നടത്തുന്നു.

 

ഈ ധാരണയിലാണ് നാം കുട്ടികളെ സമീപിക്കുന്നതും. പലപ്പോഴും കുട്ടികളുടെ സന്തോഷത്തേയും ആനന്ദത്തേയും നാം പരിഗണിക്കില്ല. മറിച്ച് നമ്മുടെ സന്തോഷത്തിനായി കുട്ടികളെ ഉപയോഗിക്കുന്ന രീതിയിൽ കുട്ടികൾ വളർത്തപ്പെടുന്നു. മുതിരുമ്പോൾ കുട്ടികളും നമ്മളെപ്പോലായി മാറുന്നു. ഇത് സമൂഹത്തിന്റെ പൊതുസ്വഭാവമാണ്. ഇതിന് ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. മനുഷ്യജീവിതത്തില്‍, പ്രത്യേകിച്ച് മുതിർന്നവരുടെ,  ഏറ്റവും സൂക്ഷ്മതയോടെ ഏർപ്പെടേണ്ട പ്രവൃത്തിയാണ് കുട്ടികളുമായുള്ള ഇടപെടൽ. നമ്മളുടെ നോട്ടം, വാക്ക്, ചെയ്തി, മറ്റുള്ളവരുമായുള്ള ഇടപഴകൽ, സ്വരം, വൈകാരികതകളുടെ പ്രകടനം ഇവയെല്ലാം കുട്ടികൾ അവരുടെ ശുദ്ധമായ സ്‌ക്രീനിൽ ലോകത്തിൽ ഒരു ശാസ്ത്രത്തിനും സൃഷ്ടിക്കാൻ പറ്റാത്ത പിക്‌സലുകളോടെ  പകർത്തുകയാണ്. അങ്ങനെ പതിയുന്ന ചിത്രങ്ങളാണ് അവരെ സമാനമായ മറ്റ് ചിത്രങ്ങളെ തിരിച്ചറിയാൻ  സഹായിക്കുന്നത്. ഒന്നുകിൽ സാമ്യത്തിലൂടെ അല്ലെങ്കിൽ വ്യത്യാസത്തിലൂടെ. നാം നമ്മുടെ ഉള്ളിലുള്ള ചിത്രങ്ങളുടെ സ്വാധീനത്തിൽ അവരെ നേരിടുകയും ചെയ്യുന്നു. ഇങ്ങനെ കുഞ്ഞുങ്ങൾ കുഞ്ഞിലേ സംഘർഷവുമായി പരിചിതമാകുന്നു. അതുകൊണ്ടാണ് ചിലപ്പോൾ കുഞ്ഞുങ്ങൾ സംസാരിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ ദേഷ്യം പ്രകടിപ്പിക്കുന്നത്. സംസാരിക്കാൻ പറ്റാത്തതിനാൽ അവർ അത് കരച്ചിലിന്റെ മോഡുലേഷൻ അഥവാ ഗതിവിഗതികളിലൂടെ പ്രകടമാക്കും.

 

ഈ ഒന്നേമുക്കാൽക്കാരൻ ഉള്ളിലെ ആനയുടെ ചിത്രത്തെ നോക്കി പുറത്ത് കണ്ട ആനയെ എരുമയെന്ന് കരുതിയപോലെയാണ് ചില വ്യക്തികളിലും പ്രസ്ഥാനങ്ങളിലും പ്രത്യയശാസ്ത്രങ്ങൾ കയറിക്കൂടിയാലുള്ള അവസ്ഥ. ഒന്നേമുക്കാൽക്കാരൻ ഉണ്ണിക്ക് എരുമയെ അടുത്തു കാണുമ്പോൾ ആനയും എരുമയും തമ്മിലുള്ള വ്യത്യാസം മനസ്സിലാകും. എന്നാൽ മുതിർന്ന വ്യക്തികളും പ്രസ്ഥാനങ്ങളും അവർ കണ്ടത് എരുമയല്ല ആനയാണെന്ന് വാദിച്ചുകൊണ്ടിരിക്കും. അതു സ്വയം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കും. തീരുമാനങ്ങൾ എടുക്കുന്നതും അതിന്റെ പശ്ചാത്തലത്തിലായിരിക്കും. ഇത്തരം വ്യക്തി-പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ ക്ഷാമമില്ല.

      

ഈ ഒന്നേമുക്കാൽകാരൻ ആനയെ ഉളളിൽ പതിപ്പിച്ചതു പോലെ ഓരോ നിമിഷവും അവന്റെയുളളിൽ ഓരോന്നും പതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവ എങ്ങനെയുളളതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവസരമാണ് മുതിർന്നവർക്കുള്ളത്. എന്നാൽ വർത്തമാന സാമൂഹ്യാവസ്ഥ അതിന് തെല്ലും അനുയോജ്യമല്ല. അവിടെയാണ് സമൂഹത്തിൽ വ്യക്തിയുടെ പ്രസക്തി. ജീവിതം ഉത്തരവാദിത്വമാണ്. ഉത്തരവാദിത്വം എന്നു കേട്ടാൽ നാം ധരിച്ചു വശായിരിക്കുന്നത് ഭാരം എന്നാണ്. ഉത്തരവാദിത്വം ഏറ്റെടുക്കണമെങ്കിൽ ശക്തി വേണം. ശക്തിയുള്ളവർക്കേ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയുകയുള്ളു. ശക്തി കുറയുമ്പോഴാണ് ഉത്തരവാദിത്വം ഭാരമായി അനുഭവപ്പെടുന്നത്. അപ്പോഴാണ ഓരോ കർത്തവ്യങ്ങൾ ചെയ്യുന്നവർ പ്രാകിയും പയ്യാരം പറഞ്ഞും ഓരോന്നു ചെയ്യുന്നത്. സ്വാമി വിവേകാനന്ദൻ പറഞ്ഞത് വീണ്ടും ഓർക്കാം. ശക്തിയാണ് ജീവിതം; ദൗർബല്യം മരണവും. നല്ലൊരു ശതമാനം ആൾക്കാർ മരിച്ചു ജീവിക്കാൻ വിധിക്കപ്പെടുന്നതും ഈ ദൗർബല്യത്തിൽ നിന്നും മോചിതരാകാൻ കഴിയാത്തതിനാലാണ്. അതുകൊണ്ടു തന്നെ വരും തലമുറകളിലേക്കും ദൗർബല്യത്തെ നിക്ഷേപിക്കുന്നു. ഇവിടെ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം സമൂഹത്തിനല്ല. വ്യക്തിക്കു മാത്രമാണ്. ആ തീരുമാനമെടുക്കുന്ന പക്ഷം അങ്ങിനെയെടുക്കുന്നവർ ജീവിതമനുഭവിക്കാൻ തുടങ്ങുന്നു. അല്ലാത്തവർ ജീവിക്കാൻ വേണ്ടി അവസാനം വരെ ശ്രമിച്ചുകൊണ്ടിരിക്കും. കുഞ്ഞുങ്ങളിലേക്കു നോക്കിയാൽ മതി മുതിർന്നവർക്ക് ജീവിതത്തിന്റെ രഹസ്യം മനസ്സിലാക്കാൻ പറ്റും.  

 

ഉത്തരവാദിത്വമെടുക്കാൻ തുടങ്ങുന്നവരെ സമൂഹം വിലക്കുകയും ചെയ്യും. സമൂഹം കൂട്ടമായി രംഗപ്രവേശം ചെയ്ത് നിരുത്സാഹപ്പെടുത്താൻ ശ്രമിക്കും. പേടിപ്പിക്കും. അതു സ്വാഭാവികം മാത്രം. പേടിയിൽ നിന്നാണ് ദൗർബല്യം ജനിക്കുന്നത്. അതു ഉത്തരവാദിത്വമെടുക്കാൻ തീരുമാനിക്കുന്ന വ്യക്തിയുടെ ശക്തി വർധിപ്പിക്കുന്നതിലേക്ക് നീങ്ങും. അങ്ങനെ ധരിപ്പിക്കാൻ വരുന്നവരെ മറിച്ച് ബോധ്യപ്പെടുത്തേണ്ട കാര്യം ഉത്തരവാദിത്വമെടുക്കുന്നവർക്കില്ല. സമൂഹം പറയുന്നതും ശ്രദ്ധിക്കാവുന്നതുമാണ്. അത് കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുന്നതിന് സഹായകമാണ്. കുഞ്ഞുങ്ങളെ വളർത്തുമ്പോൾ ഏതെങ്കിലും ചെടിയോ മരത്തൈകളോ വളർത്തുന്നതും നന്നായിരിക്കും. ആ ചെടിക്ക് ആവശ്യമായത് കൊടുക്കുകയേ വേണ്ടൂ. ചെടി അതിന്റെ സ്വഭാവമനുസരിച്ച് വളരും. ചാഞ്ഞുപോകുന്നെങ്കിൽ നേരേയാക്കിക്കൊടുക്കുക. താങ്ങു വേണ്ടതാണെങ്കിൽ താങ്ങിക്കൊടുക്കുക. ചെറിയ ഇടപെടലുകൾ മാത്രമേ വേണ്ടൂ. അത്രമാത്രമേ കുട്ടികളുടെ കാര്യത്തിലും ആവശ്യമുള്ളു.

Tags

Mindscaping

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്താകാം? സംശയം വേണ്ട. ഒരു രക്ഷാകര്‍ത്താവായി മാറുന്നതിലാണെന്ന്‍ നിസ്സംശയം പറയാം. സാമൂഹികമായും ഏറ്റവും പ്രസക്തമായ വിഷയമാണത്. ഉന്നത വിദ്യാഭ്യാസവും, ഉയര്‍ന്ന പദവികളും സമ്പത്തും ആധുനിക സംവിധാനങ്ങളും എല്ലാം ഉണ്ടെങ്കിലും ഒരു എല്‍.കെ.ജി കുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പറ്റുന്നില്ല. ആ കുട്ടി അഞ്ചു വയസ്സാകുമ്പോഴും, പത്തു വയസ്സാകുമ്പോഴും പതിനഞ്ചു വയസ്സിലെത്തുമ്പോഴും അതേ അവസ്ഥയിലൂടെ കടന്നുപോകുന്നു. അഥവാ ആ കുട്ടിയുടെ മനസ്സില്‍ മാതാപിതാക്കളില്‍ നിന്ന്‍ ഒഴുകിച്ചെന്ന സ്വഭാവത്തിന്റെ ധാതുഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുത്തരം സ്വാഭാവികമായി പൊന്തിവരുന്നില്ല. ഇത് വ്യക്തിയേയും സമൂഹത്തേയും പ്രതിസന്ധിയിലാക്കുന്നു. അതിന്റെ അനുരണനങ്ങള്‍ പല രൂപത്തില്‍ പ്രതിഫലിക്കുന്നു. ആ പ്രതിഫലനത്തിന്റെ നേര്‍ക്കാഴ്ചകള്‍ മാധ്യമങ്ങളിലൂടെ എത്രവേണമെങ്കിലും കാണാം. ഈ സാഹചര്യത്തില്‍ നമ്മുടെ ചുറ്റുപാടുകളിലെ കുഞ്ഞുകുഞ്ഞു യഥാര്‍ഥ സംഭവങ്ങളിലൂടെ രക്ഷിതാക്കള്‍ക്കും (പ്രത്യേകിച്ച് കൗമാരക്കാരുടെ), കൗമാരക്കാര്‍ക്കും മധ്യാഹ്നത്തില്‍ നിശ്ചലമായ കിണറ്റുവെള്ളത്തിലെ അടിത്തട്ടുപോലെ കാര്യങ്ങള്‍ കാണാന്‍ സഹായിക്കുന്നതാണ് കരവലയവും , പടവുകാലവും.

കരവലയം ഒരു രക്ഷാകര്‍ത്താവിന്‍റെ വീക്ഷണത്തിലൂടെ നോക്കുമ്പോള്‍ പടവുകാലം കൗമാരക്കാരുടെ ഭാഗത്തുനിന്നു കാണുന്നു. ഒരേ വിഷയത്തിലേക്ക് സ്‌നേഹത്തോടെയുള്ള രണ്ടു നോട്ടങ്ങള്‍.