Skip to main content

കശ്മീര്‍ പ്രശ്നം വിദേശകാര്യ സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്താനുള്ള പാകിസ്ഥാന്‍ നിര്‍ദ്ദേശം ഇന്ത്യ നിരസിച്ചു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം മാത്രമേ തമ്മില്‍ ചര്‍ച്ച ചെയ്യുള്ളൂ എന്ന് പാകിസ്ഥാനിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍ വഴി കൈമാറിയ കത്തില്‍ ഇന്ത്യ വ്യക്തമാക്കി.

 

ഇസ്ലാമബാദില്‍ വെച്ചുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ് ജമ്മു കശ്മീരിലെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ പ്രധാന കാരണമെന്ന നിലയ്ക്ക് അതായിരിക്കണം ചര്‍ച്ചയുടെ കേന്ദ്രബിന്ദുവെന്ന് ഇന്ത്യ വിശദീകരിക്കുന്നു. ജമ്മു കശ്മീരിലെ സ്ഥിതി സംബന്ധിച്ച് പാകിസ്ഥാന്‍ നടത്തിയ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതായും ഇന്ത്യയുടെ അവിഭാജ്യ ഘടകമായ പ്രദേശത്ത് പാകിസ്ഥാന് ഇടപെടാന്‍ ഒരു വ്യവഹാര അവകാശവും ഇല്ലെന്നും ഇന്ത്യ കത്തില്‍ പ്രസ്താവിച്ചു.  

 

ബലൂചിസ്ഥാന്‍ വിഘടനവാദത്തോടുള്ള നിലപാട് അടക്കമുള്ള വിഷയങ്ങളില്‍ പാകിസ്ഥാനെ കടുത്ത ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ വിമര്‍ശിച്ച അതേദിവസമാണ് പാക് വിദേശകാര്യ സെക്രട്ടറി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറെ പാകിസ്ഥാനില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കത്തെഴുതിയത്. യു.എന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ അനുസരിച്ച് ജമ്മു കശ്മീര്‍ പ്രശ്നം പരിഹരിക്കാനുള്ള ഇന്ത്യയുടെയും പാകിസ്ഥാന്റെയും അന്താരാഷ്ട്ര ഉത്തരവാദിത്വം കത്തില്‍ എടുത്തുപറഞ്ഞിരുന്നു.

 

ജൂലൈ എട്ടിന് ഭീകര സംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സുരക്ഷാ സൈനികര്‍ വധിച്ചതിനു പിന്നാലെ കശ്മീരില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിറകില്‍ പാകിസ്ഥാനാണെന്ന് ഇന്ത്യ ആരോപിക്കുന്നു. ഇനിയും നിലക്കാത്ത സംഘര്‍ഷങ്ങളില്‍ ചൊവ്വാഴ്ച വരെ 65 പേര്‍ കൊല്ലപ്പെടുകയും സുരക്ഷാ സൈനികരടക്കം 5000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.