Skip to main content

രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ സദ്ഭരണത്തിന്‍റെ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൌരര്‍ക്ക് ഗുണതയുള്ള സേവനങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം സ്വരാജ്യയില്‍ (സ്വയംഭരണം) നിന്ന്‍ സുരാജ്യയിലേക്ക് (സദ്ഭരണം) നീങ്ങാന്‍ സമയമായെന്ന് പറഞ്ഞു. പരിഷ്കരണം, നിര്‍വ്വഹണം, പരിവര്‍ത്തനം എന്നതായിരിക്കും സര്‍ക്കാറിന്റെ മന്ത്രമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

 

സദ്ഭരണത്തിലേക്കുള്ള മാറ്റം വേഗത്തില്‍ ചെയ്യേണ്ടതാണെന്ന് മോദി പറഞ്ഞു. കാര്‍ഷിക രംഗത്തെ ഇടനിലക്കാരെ സര്‍ക്കാര്‍ ഒഴിവാക്കും. പൊതു കാര്‍ഷിക വിപണി സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ രണ്ട് കോടി ഗ്രാമങ്ങളില്‍ ശൌചാലയങ്ങള്‍ നിര്‍മ്മിച്ചതായും ഗ്രാമീണ പ്രദേശങ്ങളില്‍ ഒരു ദിവസം 100 കിലോമീറ്റര്‍ റോഡ്‌ നിര്‍മ്മിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

 

ദരിദ്ര കുടുംബങ്ങളുടെ ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ പെന്‍ഷനില്‍ 20 ശതമാനം വര്‍ധനയും അദ്ദേഹം പ്രഖ്യാപിച്ചു.

 

കഴിഞ്ഞ 60 വര്‍ഷത്തില്‍ 14 കോടി ഗാസ് കണക്ഷന്‍ ആണ് നല്‍കിയതെങ്കില്‍ തന്റെ സര്‍ക്കാര്‍ 60 ആഴ്ചയില്‍ നാല് കോടിയിലധികം പേര്‍ക്ക് കണക്ഷന്‍ നല്‍കിയതായും മോദി പറഞ്ഞു. പാസ്പോര്‍ട്ട് ലഭിക്കാനും ആദായനികുതി തിരിച്ചു ലഭിക്കാനും മുന്‍പ് വളരെയധികം സമയം എടുത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ഇത് ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 70 കോടി പേരെ ആധാറുമായും മറ്റ് സാമൂഹ്യ സുരക്ഷാ പദ്ധതികളുമായും ബന്ധിപ്പിച്ചതായും പ്രധാനമന്ത്രി വെളിപ്പെടുത്തി.

 

സൌരോര്‍ജ്ജ മേഖലയില്‍ 116 ശതമാനം വളര്‍ച്ചയുണ്ടായതായും രാജ്യത്ത് സൌരോര്‍ജ്ജത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.