Skip to main content

ലോകത്തെ ഏറ്റവും നീണ്ട നിരാഹാര സമരത്തിന്‌ ചൊവ്വാഴ്ച അന്ത്യം. മണിപ്പൂരി സാമൂഹ്യപ്രവര്‍ത്തക ഇറോം ശര്‍മിള ചാനു 16 വര്‍ഷം നീണ്ടുനിന്ന നിരാഹാര സമരം ചൊവ്വാഴ്ച അവസാനിപ്പിച്ചു. സൈന്യത്തിന്റെ പ്രത്യേകാധികാരനിയമം (അഫ്‌സ്​പ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2000 നവംബറിലാണ് ഇറോം ശര്‍മിള നിരാഹാരം ആരംഭിച്ചത്.    

 

മണിപ്പുരിന്റെ 'ഉരുക്കുവനിത' എന്നറിയപ്പെടുന്ന ഇറോം ശര്‍മിള നിരാഹാരസമരം അവസാനിപ്പിക്കുകയാണെന്നും അടുത്തവര്‍ഷം നടക്കുന്ന മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ ചൊവ്വാഴ്ച പറഞ്ഞു. അഫ്സ്പയ്ക്കെതിരെയുള്ള പോരാട്ടത്തിനു തന്നെയായിരിക്കും ഇനിയും മുന്‍ഗണനയെന്നും അവര്‍ വ്യക്തമാക്കി.   

 

വൈകാരികമായ അന്തരീക്ഷത്തില്‍ തേന്‍ കുടിച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്. ഭക്ഷണം നല്‍കാന്‍ മൂക്കിലൂടെയിട്ട കുഴല്‍ നേരത്തെ ഡോക്ടര്‍മാര്‍ ഊരിമാറ്റിയിരുന്നു.

 

അതേസമയം, അഫ്സ്പയ്ക്കെതിരെ മണിപ്പൂരില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ അന്താരാഷ്ട്ര പ്രതീകമായി മാറിയ ഇറോം ശര്‍മിളയുടെ ഈ നടപടി സംസ്ഥാനത്ത് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. അവരുടെ അമ്മ സഖി അവരെ കാണില്ലെന്ന് പ്രതികരിക്കുകയും മൂത്ത സഹോദരന്‍ സമരം തുടരാന്‍ ആവശ്യപ്പെട്ട് തുറന്ന കത്ത് എഴുതുകയും ചെയ്തിരുന്നു. അഫ്സ്പ പിന്‍വലിച്ച ശേഷമേ അമ്മയെ കാണുള്ളൂവെന്ന് ഇറോം ശര്‍മിള പറഞ്ഞു.  

 

വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നതായി സമരം നിര്‍ത്തുന്നതായി പ്രഖ്യാപിച്ച അവസരത്തില്‍ 44-കാരിയായ ഇറോം ശര്‍മിള അറിയിച്ചിരുന്നു. ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷ് പൌരന്‍ ഡെസ്മണ്ട് കൌടിഞ്ഞോയുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.