Skip to main content

മണിപ്പുരിന്റെ 'ഉരുക്കുവനിത' എന്നറിയപ്പെടുന്ന ഇറോം ശര്‍മിള ചാനു16 വര്‍ഷത്തെ നിരാഹാരസമരം അവസാനിപ്പിക്കുന്നു. സൈന്യത്തിന്റെ പ്രത്യേകാധികാരനിയമം (അഫ്‌സ്​പ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2000 നവംബർ മുതൽ തുടരുന്ന സമരം ആഗസ്ത് ഒമ്പതിനാണ് അവസാനിപ്പിക്കുക. അടുത്തവര്‍ഷം നടക്കുന്ന മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ഇറോം ശർമിള പറഞ്ഞു. ചൊവ്വാഴ്ച ഇംഫാലിലെ കോടതിയിലെത്തി മടങ്ങുമ്പോഴാണ് ശര്‍മിള അപ്രതീക്ഷിതമായി ഇക്കാര്യങ്ങള്‍ അറിയിച്ചത്. വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. വായിലൂടെ ഭക്ഷണംകഴിക്കാന്‍ കൂട്ടാക്കാത്ത ശര്‍മിളയുടെ ജീവന്‍ നിലനിർത്തിയിരുന്നത് മൂക്കിലിട്ട കുഴലിലൂടെ നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കിയാണ്. ആത്മഹത്യാശ്രമത്തിന് അവർക്കെതിരെ കേസും ചുമത്തിയിരുന്നു. ഇത്രകാലം നിരാഹാരം നടത്തിയിട്ടും അഫ്‌സ്​പ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ സമരം തുടരുന്നതുകൊണ്ട് ഗുണമില്ലെന്ന് കരുതുന്നതായി ശര്‍മിള പറഞ്ഞു. എന്നാല്‍, 'കിരാത'നിയമത്തിനെതിരായ പോരാട്ടം തുടരുമെന്ന് അവര്‍ അറിയിച്ചു.  അസം റൈഫിള്‍സ് ബറ്റാലിയന്‍ ഇംഫാലില്‍ പത്തുപേരെ വെടിവെച്ചുകൊന്നതിനു പിന്നാലെയാണ് 2000 നവംബറിൽ ശര്‍മിള അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. ആത്മഹത്യാശ്രമ കേസിൽ അറസ്റ്റുചെയ്ത് ഇംഫാലിലെ ജവാഹര്‍ലാല്‍ നെഹ്രു ആസ്​പത്രിയിലെ വാര്‍ഡുകളിലൊന്ന് ജയിലാക്കി മാറ്റി അവിടെയാണ് ശർമിളയെ പാര്‍പ്പിച്ചിരിക്കുന്നത്.

Tags