Skip to main content

തുറസ്സായ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് - റബ്ബര്  മാലിന്യങ്ങള്  കത്തിക്കുന്നത്  ഹൈക്കോടതി നിരോധിച്ചു. പൊതുസ്ഥലത്ത് ഇത്തരം മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെ പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കര്‍ശന നടപടി സ്വീകരിക്കണം. ഇതിന് നിയമം നിലവിലുള്ള പശ്ചാത്തലത്തിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

 

പ്ലാസ്റ്റിക് - റബ്ബര്  മാലിന്യങ്ങള്  കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അന്തരീക്ഷ മലീനകരണവും ചൂണ്ടിക്കാട്ടി കേരള നദീ സംരക്ഷണ സമിതി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങള്‍ നിയമം കര്‍ശനമായി നടപ്പാക്കാതെ മൗനം പാലിക്കുകയാണെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്  തദ്ദേശസ്ഥാപനങ്ങള്  ക്രിയാത്മകമായി ഇടപെടണമെന്ന്‍ കോടതി ആവശ്യപ്പെട്ടു.  

 

പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നതടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്  സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോടും കോര്‍പ്പറേഷന്‍  മേയര്‍മാരോടും ഹൈക്കോടതി നിര്‍ദേശിച്ചു.  ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കീഴുദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി സര്‍ക്കുലര്‍ അയക്കണമെന്നും ഉത്തരവിലുണ്ട്.

 

പ്ലാസ്റ്റിക് ബാഗുകള്  നിരോധിക്കണമെന്നും ഹര്‍ജിയില്  ആവശ്യപ്പെട്ടിരുന്നുവെങ്കിലും അക്കാര്യത്തില്  പ്രത്യേക വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആറ് കോര്‍പറേഷനുകള്‍ തുടങ്ങിയ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.