Skip to main content

2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വെള്ളിയാഴ്ച ധനകാര്യ മന്ത്രി കെ.എം മാണി സഭയുടെ മേശപ്പുറത്ത് വെച്ചു. പ്രതിപക്ഷം ഉയര്‍ത്തിയ അഭൂതപൂര്‍വമായ പ്രതിഷേധത്തെ തുടര്‍ന്ന്‍ ബജറ്റിന്റെ ആമുഖം മാത്രമേ മന്ത്രി ബജറ്റ് അവതരണത്തില്‍ വായിച്ചുള്ളൂ. പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ബജറ്റിന്റെ പ്രധാനഭാഗങ്ങള്‍ മന്ത്രി വിശദീകരിച്ചു. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രി മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രക്ഷോഭം. യു.ഡി.എഫ് സര്‍ക്കാറിന്റെ അഞ്ചാമത്തെയും തന്റെ പതിമൂന്നാമത്തെയുമായ ബജറ്റാണ് മാണി അവതരിപ്പിച്ചത്. 

 

ബജറ്റിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍
 

കൃഷി, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, പാര്‍പ്പിടം, വ്യവസായ തൊഴില്‍ സംരംഭങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകള്‍ക്കാണ് ബജറ്റ് ഊന്നല്‍ കൊടുക്കുന്നത്.

 

ഈ നിയമസഭയുടെ സ്പീക്കര്‍ സ്ഥാനത്തിരിക്കെ അന്തരിച്ച ജി. കാര്‍ത്തികേയന്റെ  സ്മാരകമായി വെള്ളനാട് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കും. സ്കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഏഴു കോടി രൂപയും അനുവദിച്ചു.  

 

കാര്‍ഷിക മേഖല

 

300 കോടി രൂപയുടെ റബ്ബര്‍ വിലസ്ഥിരതാ ഫണ്ട് രൂപീകരിച്ച് കിലോഗ്രാമിന് 150 രൂപ താങ്ങുവില നല്‍കി 20,000 മെട്രിക് ടണ്‍ റബ്ബര്‍ സമാഹരിക്കും.    

 

നെല്ലു സംഭരിച്ചു കഴിഞ്ഞ് ഒരാഴ്ചയ്ക്കുളളിൽ തന്നെ കർഷകർക്ക് സബ്‌സിഡി തുക ലഭ്യമാക്കുന്ന പദ്ധതിക്കായി 300 കോടി രൂപ വകയിരുത്തി.

 

കാർഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകരുടെ പലിശബാദ്ധ്യത സർക്കാർ വഹിക്കും. ഇതോടെ, ഹ്രസ്വകാല കാർഷിക വായ്പ പലിശ രഹിതമായി ലഭ്യമാകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. നബാർഡും സഹകരണ സംഘങ്ങളുമായി ചേർന്ന് വിശദമായ പദ്ധതി നടപ്പിൽ വരുത്തുന്നതിനായി 125 കോടി രൂപ വകയിരുത്തി.

 

നീര ടെക്‌നീഷ്യൻമാർക്ക് പരിശീലനത്തിനായി ഒരാൾക്ക് 10,000 രൂപ വീതം സബ്‌സിഡി. പൊതു ചടങ്ങുകളിലും സർക്കാർ അതിഥി മന്ദിരങ്ങളിലും പാക്കുചെയ്ത നീര വിതരണം ചെയ്യുന്നതിന് 10 കോടി രൂപ. സംസ്ഥാനത്തെ ഓരോ നാളികേര ഉത്പാദക കമ്പനിക്കും കെട്ടിട, യന്ത്രസാമഗ്രികൾക്ക് സഹായധനമായി നൽകുന്നതിനായി 10 കോടി രൂപ വകയിരുത്തുന്നു. കർഷക ഉൽപ്പാദക കമ്പനികൾക്ക് മൂലധനസഹായമായി നൽകുന്നതിന് 10 കോടി രൂപ വകയിരുത്തി. നീര ഉത്പാദനത്തിനായി ആകെ 30 കോടി രൂപ. നാളികേര മേഖലയ്ക്ക് ആകെ 75 കോടി രൂപ.

 

വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങൾക്കുള്ള പ്ലാന്റേഷൻ നികുതി പൂർണ്ണമായി ഒഴിവാക്കും.

 

2015 ഏപ്രില്‍ ഒന്നിന് ശേഷം ഉൽപാദനം തുടങ്ങുന്ന റബ്ബർ ഉൾപ്പെടെയുള്ള കാർഷികാധിഷ്ഠിത വ്യവസായങ്ങളിൽ 75 ശതമാനത്തിലധികം മൂല്യ വർദ്ധനയുളളവയ്ക്ക് പലിശ സബ്‌സിഡി, സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിക്ക് സബ്‌സിഡി നൽകാനുളള പദ്ധതിയ്ക്ക് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ തുടക്കം. തേനുൽപാദനം വർദ്ധിപ്പിക്കുന്നതിന് 'ഹണി മിഷൻ' പദ്ധതി.

 

അടിസ്ഥാന സൗകര്യ വികസനം

 

അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നിലവിലുളള പോരായ്മ കണ്ടെത്തുന്നതിനായി ഇൻഫ്രാസ്ട്രക്ചർ മാസ്റ്റർ പ്ലാൻ 2030 എന്ന പേരിൽ ഒരു പദ്ധതി രേഖ തയ്യാറാക്കും. പ്രധാന പശ്ചാത്തല വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി 2000 കോടി രൂപ. ഈ തുക മൂലധനമായി ഉപയോഗിച്ച് കേരള അടിസ്ഥാന സൗകര്യ വികസന ഫണ്ട്‌ ബോർഡ് പൊതുവിപണിയിൽ നിന്നും പണം കണ്ടെത്തും. അടുത്ത മൂന്നു വർഷത്തിനുളളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 25000 കോടി രൂപയുടെ മുതൽമുടക്ക് കണ്ടെത്താമെന്ന് പ്രതീക്ഷ.

 

ഡിസ്ട്രിക് ഫ്‌ളാഗ്ഷിപ്പ് ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്ട് എന്ന പദ്ധതിയുടെ കീഴിൽ ഓരോ ജില്ലയിലും സർക്കാർ തെരഞ്ഞെടുക്കുന്ന ഓരോ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയ്ക്ക് പൊതുവിപണിയില്‍ നിന്ന്‍ കണ്ടെത്തുന്ന പണത്തില്‍ നിന്ന്‍ 1,400 കോടി രൂപ.

 

കൊച്ചി മെട്രോയ്ക്ക് 940 കോടി രൂപ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്ക് 600 കോടി രൂപ, കോഴിക്കോട്, തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളങ്ങളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി 50 കോടി രൂപ.

 

ആരോഗ്യ മേഖല

 

വിവിധ ആരോഗ്യ പദ്ധതികള്‍ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന 'സമ്പൂർണ്ണ ആരോഗ്യകേരളം' പദ്ധതി

 

ഡിജിറ്റല്‍ കേരള

 

ഡിജിറ്റല്‍ കേരള പദ്ധതിയുടെ ഭാഗമായി മൂന്ന്‍ വര്‍ഷത്തിനുള്ളില്‍ സാധ്യമായ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കും.

 

ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനായി ഇ-ഗവേണൻസ് ഇന്നൊവേഷന്‍ ഫണ്ട്‌. ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ എന്ന കണക്കിൽ ഇതിനായി 14 കോടി രൂപ.

 

തെരഞ്ഞെടുത്ത നഗരസഭകൾക്ക് വൈ-ഫൈ സംവിധാനം ഏർപ്പെടുത്തുന്നതിന് മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് 1 കോടി രൂപയും തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പാലിറ്റികൾക്ക് 50 ലക്ഷം രൂപയും.

 

വിവിധ പദ്ധതികള്‍ക്കായി ആകെ 101 കോടി രൂപ. വിവര സാങ്കേതിക മേഖലക്കായി നീക്കിവെച്ച വാര്‍ഷിക പദ്ധതി വിഹിതമായ 374.57 കോടി രൂപ പുറമേ.

 

പാര്‍പ്പിടം

 

ഓരോ കുടുംബത്തിനും സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ 1.75 ലക്ഷം കുടുംബങ്ങൾക്ക് വേണ്ടി മൂന്ന് പുതിയ പദ്ധതികൾ.

 

ജില്ലാ ഹൗസിംഗ് സൊസൈറ്റികൾ രൂപീകരിച്ചു കൊണ്ട് ബി.പി.എൽ കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനും ഭവനനിർമ്മാണത്തിനും ബാങ്കിൽ നിന്നും പണം ലഭ്യമാക്കുവാൻ സർക്കാർ ഗ്യാരണ്ടി നല്‍കും. ഈ പദ്ധതിക്കു കീഴിൽ പാവപ്പെട്ടവർക്ക് താമസത്തിന് മൂന്ന്/നാലുനില വരെയുള്ള ഫ്ലാറ്റുകൾ നിർമ്മിക്കും.

 

ഭൂരഹിതരായ ബി.പി.എൽ കുടുംബങ്ങൾക്കും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും 75,000 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിന് ബാങ്കുകളുടെ സഹകരണത്തോടെ പുതിയ സംയോജിത ഭവന പദ്ധതി.

 

സംസ്ഥാനത്തെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ഓരോ വാർഡിലും ഒരു വീട് നൽകുവാനുദ്ദേശിച്ചു കൊണ്ട് ഭവന പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ 22000 വീടുകൾ ഇതുവഴി പൂർത്തിയാക്കും.

 

പദ്ധതികൾ നടപ്പിലാക്കുന്നതിന് പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ നിരക്കിൽ അധിക നികുതി.

 

വ്യവസായ തൊഴില്‍ സംരംഭങ്ങള്‍

 

സ്വയം തൊഴിൽ സംരംഭങ്ങൾക്ക് സമഗ്രമായ ദിശാബോധം നൽകുന്നതിനായി പദ്ധതി. പദ്ധതിയിലൂടെ എല്ലാ ജില്ലകളിലും ബിസിനസ്സ് ഇൻകുബേറ്ററുകൾ, എല്ലാ സെക്ടറുകളിലും ടെക്‌നോളജി ഇൻകുബേറ്ററുകൾ, സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചുള്ള ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട്‌, സീഡ് ഫണ്ട്‌, ഏയ്ഞ്ചൽ ഫണ്ട്‌, ഇൻകുബേഷൻ ഇൻഫ്രാസ്ട്രക്ചർ ചലഞ്ച് ഫണ്ട്‌ എന്നിവ രൂപീകരിക്കും. വകയിരുത്തിയിരിക്കുന്നത് 25 കോടി രൂപ.

 

വ്യവസായ ഇൻകുബേറ്ററുകൾ സ്ഥാപിക്കുന്നതിനായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് വേണ്ട ധനസമാഹരണത്തിന് സഹായം നൽകാൻ ഇൻകുബേഷന്‍ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് ഫണ്ട്‌. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ.  സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ഇൻകുബേഷന്‍ സഹായ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് ഒരു കോടി രൂപ വീതം.

 

സ്റ്റാർട്ടപ്പുകൾക്ക് പ്രഖ്യാപിച്ച പുതിയ പദ്ധതി പ്രകാരം 1000 സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം 10,000 രൂപ വീതം ആദ്യത്തെ രണ്ട് വർഷം പ്രോത്സാഹനമായി നല്‍കും. പദ്ധതിക്കായി 12 കോടി രൂപ വകയിരുത്തി.

 

യുവാക്കളുടെ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് 10% വരെ പങ്കാളിത്ത സഹായം നൽകുന്നതിന് ഫണ്ട്‌ രൂപീകരിക്കും. വനിതാ സംരംഭകർക്ക് 20% വരെ തുക സഹായം. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട 1500 ഗുണഭോക്താക്കൾക്കും മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട 1500 ഗുണഭോക്താക്കൾക്കും 50% ഓഹരി പങ്കാളിത്തത്തോടെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

 

സ്ത്രീ തൊഴിലാളികൾ പകുതിയില്‍ അധികമുള്ള സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വ്യവസായ യൂണിറ്റുകൾ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് മൂന്നു വർഷത്തേക്ക് പലിശ ബാധ്യത പൂർണ്ണമായും സർക്കാർ വഹിക്കും.

 

ക്ഷേമ പ്രവര്‍ത്തനങ്ങള്‍

 

2015 ജൂൺ മുതൽ എല്ലാ ഗുണഭോക്താക്കൾക്കും അവരുടെ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും 15-ാം തീയതിക്ക് മുമ്പ് ബാങ്ക്/പോസ്റ്റ് ആഫീസ് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും.

 

80 വയസ്സിനുമേൽ പ്രായമുള്ള സംരക്ഷിക്കാൻ ആരുമില്ലാത്തവരുടെ ജീവിതം, താമസം, ആരോഗ്യ പരിപാലന ചെലവുകൾ എന്നിവ സർക്കാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് വഹിക്കുന്ന വയോജന സംരക്ഷണ പദ്ധതി.

 

വിവിധ ക്ഷേമ പദ്ധതികൾ, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിനുള്ള വരുമാന പരിധി ഏകീകരിച്ച് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി.  

 

സംസ്ഥാനത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾക്കായി 90 ശതമാനം ഇൻഷുറൻസ് പ്രീമിയം സർക്കാർ വഹിക്കുന്ന പദ്ധതി

 

നികുതി കൂടുന്നവ

 

അരി, അരിയുല്‍പ്പന്നങ്ങള്‍, ഗോതമ്പ്, മൈദ, ആട്ട, റവ. (പൊതുവിതരണ സംവിധാനത്തിലൂടെ വില്‍ക്കുന്നവയ്ക്ക് വില കൂടില്ല), പഞ്ചസാര, വെളിച്ചെണ്ണ.

പെട്രോള്‍, ഡീസല്‍,

ബീഡി.

നൈലോണ്‍ - പോളിസ്ടര്‍ വലകള്‍, പ്ലാസ്റ്റിക് നിര്‍മ്മിത ചൂലുകള്‍, ബ്രഷുകള്‍ മുതലായവ,

കോഴിത്തീറ്റ, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍, ഡിസ്പോസിബിള്‍ പ്ലാസ്റ്റിക് കപ്പുകളും പ്ലേറ്റുകളും, ഡിസ്പോസിബിള്‍ സ്റ്റൈറോഫോം കപ്പുകളും പ്ലേറ്റുകളും, തെര്‍മോകോള്‍/ സ്റ്റൈറോഫോം ഷീറ്റുകള്‍, ഫ്ലക്സ് പ്രിന്റുകള്‍.

മോട്ടോര്‍ സൈക്കിളുകള്‍, മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതും സംസ്ഥാനത്ത് ഒരു മാസത്തില്‍ അധികമായി ഉപയോഗിക്കുന്നതുമായ വാഹനങ്ങള്‍ക്ക് നികുതി, വിദേശത്ത് നിന്ന്‍ ഇറക്കുമതി ചെയ്യുന്ന ആഡംബര വാഹനങ്ങള്‍ക്കും നികുതി.   

ചലച്ചിത്രങ്ങളുടെ പകര്‍പ്പകവകാശം കൈമാറ്റം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നികുതി വീണ്ടും കൊണ്ടുവന്നു.

മൂല്യവര്‍ധിത നികുതി നിയമം, ആഡംബര നികുതി നിയമം എന്നിവയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും രജിസ്ട്രേഷന്‍ പുതുക്കുന്നതിനുമുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു.

ആശുപത്രികള്‍, ഹോംസ്റ്റേകള്‍, സര്‍വീസ്ഡ്‌ അപാര്‍ട്ട്മെന്റുകളും വില്ലകളും, ഹൗസ്ബോട്ടുകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിനും രജിസ്ട്രേഷന്‍ പുതുക്കുന്നതിനുമുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു.

ധാരണാപത്രം മുതലായ വിഷയങ്ങളിലെ സ്റ്റാമ്പ്‌ ഡ്യൂട്ടിയും രജിസ്ട്രേഷന്‍ നിറയ്ക്കും കൂട്ടി.  

 

നികുതി ഇളവുകള്‍

 

റബര്‍ തടി.

ദ്രവീകൃത പ്രകൃതിവാതകം.

പുനരുപയോഗിച്ച പ്ലാസ്റ്റിക്കും ഇലക്ട്രോണിക് മാലിന്യവും, പ്ലാസ്റ്റിക് റീസൈക്ലിംഗ് പ്ലാന്റുകള്‍, പ്ലാസ്റ്റിക് റീസൈക്ലിംഗ് മുഖേന ലഭിക്കുന്ന പൈറോലിസിസ് എണ്ണ.

ഖാദി ആന്‍ഡ്‌ വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ അംഗീകരിച്ച യൂണിറ്റുകളുടെ ഖാദി ഉല്‍പ്പന്നങ്ങള്‍.

ഫാക്റ്റ് നിര്‍മ്മിച്ച ഫ്രാബ്രിക്കേറ്റഡ്‌ ചുമര്‍ പാനലുകള്‍,

തേന്‍, തേനീച്ചക്കൂട്, അനുബന്ധ ഉപകരണങ്ങള്‍.  

Tags