Skip to main content
തിരുവനന്തപുരം

km maniബാര്‍ ഉടമകളില്‍ നിന്ന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ധനകാര്യ മന്ത്രി കെ.എം മാണിയോട് നിയമസഭയിലെ ചോദ്യോത്തര വേളയില്‍ എഴുതിക്കൊടുത്ത ചോദ്യം ചോദിക്കാന്‍ ചൊവ്വാഴ്ച പ്രതിപക്ഷ അംഗങ്ങള്‍ വിസമ്മതിച്ചു. ബാര്‍ കോഴ ആരോപണത്തില്‍ ഉന്നയിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോക്കും നടത്തി.

 

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കെ.എം മാണിയും തമ്മില്‍ വാക്പോരിനും സഭ ചൊവ്വാഴ്ച സാക്ഷിയായി. കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കാണ് കെ.എം മാണി പോകുന്നതെന്ന് വി.എസ് പറഞ്ഞു. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് മുഴുവന്‍ കേരളത്തിനാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. വി.എസ് അന്തിക്രിസ്തുവാണെന്ന മറുപടിയാണ് കെ.എം മാണി നല്‍കിയത്. ചെകുത്താന്‍ വേദമോതുന്നതുപോലെയാണ് വി.എസിന്റെ പ്രസംഗമെന്നും മാണി വിശേഷിപ്പിച്ചു.

 

വി.ശിവൻകുട്ടി, സാജുപോൾ, ജെയിംസ് മാത്യു എന്നിവര്‍ ലോട്ടറിക്ക് സേവന നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യം എഴുതിനല്‍കിയിരുന്നു. എന്നാല്‍, ചോദ്യോത്തര വേളയില്‍ ബാർ കോഴ ആരോപണത്തിൽപെട്ട മാണിയോട് ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. തുടര്‍ന്ന്‍, സഭയില്‍ ഉന്നയിക്കാത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ റൂളിംഗ് നല്‍കി.

 

എസ്. ശര്‍മ്മയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ചോദിച്ചത്. മാണിയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന്‍ ശര്‍മ്മ ആരോപിച്ചു. എന്നാല്‍ നിഷ്പക്ഷമായാണ് അന്വേഷണം നടക്കുന്നതെന്ന്‍ ആഭ്യന്തര വകുപ്പ് മന്ത്രി ചെന്നിത്തല മറുപടി നല്‍കി. ഹൈക്കോടതിയും ലോകായുക്തയും അന്വേഷണം ശരിവച്ച സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണം ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന്‍, ഡെപ്യൂട്ടി സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
 

ബാര്‍ കോഴ വിഷയത്തില്‍ രാജി വെക്കുന്നത് വരെ മാണിയെ നിയമസഭയ്ക്കകത്തും പുറത്തും പൂര്‍ണ്ണമായും ബഹിഷ്കരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും മാണിയെ തടയുമെന്ന് എല്‍.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags