Skip to main content
തിരുവനന്തപുരം

km maniബാറുടമകളില്‍ നിന്ന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ധനവകുപ്പ് മന്ത്രി കെ.എം മാണിയ്ക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ കൂടുതല്‍ കോഴ ആരോപണങ്ങള്‍ ഉയര്‍ത്തി. മാണി വിവിധ വ്യക്തികളില്‍ നിന്ന്‍ 27.43 കോടി രൂപ കോഴ വാങ്ങിയതായി നിയമസഭയില്‍ വി. ശിവന്‍കുട്ടി എം.എല്‍.എ ആരോപണം എഴുതിക്കൊടുത്തു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ടോം ജോസിനെതിരെയും ശിവന്‍കുട്ടി ആരോപണം ഉന്നയിച്ചിട്ടുണ്ട്. വിഷയം നിയമസഭാ സമിതി അന്വേഷിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

 

കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്ന് അഞ്ചു കോടി രൂപയും ക്വാറി, ക്രഷർ ഉടമകളിൽ നിന്ന് രണ്ടു കോടിയും മാണി കോഴ വാങ്ങിയതായി ശിവന്‍കുട്ടി ആരോപിക്കുന്നു. റവന്യൂ റിക്കവറി നടപടികൾ സ്റ്റേ ചെയ്യാമെന്ന ഉറപ്പിന്മേൽ 6.40 കോടി രൂപയാണ് വാങ്ങിയത്. സ്വർണക്കട ഉടമകള്‍, പെട്രോൾ പമ്പുടമകള്‍, മൈദ മാവിന്റെ ഇറക്കുമതി തീരുവ കുറച്ചു കൊടുക്കുന്നതിന് ഉത്തരേന്ത്യൻ ലോബി എന്നിവരില്‍ നിന്നൊക്ക കോഴ വാങ്ങിയതായി ആരോപണമുണ്ട്. ഇതിലൂടെ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നും ശിവൻകുട്ടി ആരോപിക്കുന്നു.

 

സംസ്ഥാനത്തിനകത്തും പുറത്തും കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിയെന്നാണ് ടോം ജോസിനെതിരെയുള്ള ആരോപണം. ഇതേക്കുറിച്ച് ചീഫ് സെക്രട്ടറിയുടെ രഹസ്യ റിപ്പോർട്ട് സർക്കാർ പൂഴ്‌ത്തിയെന്നും ശിവൻകുട്ടി ആരോപിച്ചു.

Tags