Skip to main content
തിരുവനന്തപുരം

Shashi Tharoor

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുടര്‍ച്ചയായി പ്രശംസിക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ അച്ചടക്ക നടപടി വേണമെന്ന് കെ.പി.സി.സി. ഇത് സംബന്ധിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന കെ.പി.സി.സി അടിയന്തര യോഗം തീരുമാനിച്ചു. മോദിയുടെ അഭ്യര്‍ഥന സ്വീകരിച്ച് സ്വച്ഛ ഭാരതം പരിപാടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തരൂരിന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്. എ.ഐ.സി.സി അംഗവും കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവുമാണ് തരൂര്‍.

 

 

ബി.ജെ.പിയെ പൂര്‍ണ്ണമായും നിരാകരിച്ച ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍ തരൂര്‍ മാനിക്കണമെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു. മോദിയുടെ നടപടികളെ പ്രശംസിക്കുന്ന തരൂരിന്റെ ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് അസ്വീകാര്യമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

ഗാന്ധിജയന്തി ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സ്വച്ഛ ഭാരതം പരിപാടിയ്ക്ക് പിന്തുണ നല്‍കാന്‍ പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ തരൂര്‍ അടക്കം ഒന്‍പത് പേരോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഒരു ബഹുമാനമായി കാണുന്നുവെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഇതിനെതിരെ തിങ്കളാഴ്ചയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യവിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ചൊവ്വാഴ്ച പേരെടുത്ത് പറയാതെയാണെങ്കിലും രൂക്ഷമായ ഭാഷയില്‍ തരൂരിനെ വിമര്‍ശിക്കുന്ന മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസുകാരനെന്നതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് താനെന്നും വിദൂരമായിപ്പോലും ഹിന്ദുത്വ അജണ്ടയെ പിന്തുണച്ചിട്ടില്ലെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.

 

നേരത്തേയും മോദിയോടുള്ള തരൂരിന്റെ നിലപാട് വിവാദം സൃഷ്ടിച്ചിട്ടുണ്ട്. മോദി അധികാരമേറ്റതിന് പിന്നാലെ ഒരു വിദേശ പ്രസിദ്ധീകരണത്തില്‍ തരൂര്‍ എഴുതിയ ലേഖനത്തിലെ അഭിനന്ദനപരമായ പരാമര്‍ശങ്ങളും കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ബാറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച കേരള സര്‍ക്കാറിന്റെ പുതിയ മദ്യനയത്തെ വിമര്‍ശിച്ചും ഈയിടെ തരൂര്‍ ലേഖനം എഴുതിയിരുന്നു.