Skip to main content
കൊച്ചി

vs achuthanandanമൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസിലെ വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി. സ്ഥലംമാറ്റ ഉത്തരവ് കിട്ടിയ ശേഷമാണ് ചീഫ് ജസ്റ്റിസ്‌ ആയിരുന്ന മഞ്ജുള ചെല്ലൂര്‍  വിധി പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഇത് ഭരണഘടനാ ലംഘനമാണെന്ന് വി.എസ് ആരോപിക്കുന്നു.

 

വി.എസ് മുഖ്യമന്ത്രിയായിരിക്കെ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മൂന്നാറില്‍ ദൗത്യസംഘം ഏറ്റെടുത്ത ഭൂമിയും റിസോര്‍ട്ടുകളും തിരിച്ചുനല്‍കാനും നഷ്ടപരിഹാരം നല്‍കാനുമായിരുന്നു ജൂലൈ 25-ന് ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാറും കേസില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് കോടതി ഫയലില്‍ സ്വീകരിച്ചു.

 

മൂന്നാറില്‍ വ്യാജപട്ടയം ഉപയോഗിച്ച് കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ രൂപീകരിച്ച ദൗത്യസംഘം നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിടിച്ചെടുക്കല്‍ കോടതി റദ്ദാക്കിയത്.