Skip to main content
കൊച്ചി

kerala high courtകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ കുറിച്ചും അവയിലെ കുട്ടികളെ കുറിച്ചും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കും.   

 

സംസ്ഥാനത്തെ അനാഥാലയങ്ങളുടെ നടത്തിപ്പില്‍ ക്രമക്കേടുകള്‍ നടക്കുന്നതായ ആരോപണത്തെ തുടര്‍ന്നാണ്‌ ഹൈക്കോടതിയുടെ നടപടി. അനാഥാലയങ്ങളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യപ്പെട്ടും കഴിഞ്ഞ മേയില്‍ മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും വിവിധ ഹര്‍ജികള്‍ ഹൈക്കോടതിയുടെ മുന്നിലുണ്ട്.

 

ആവശ്യമായ രേഖകള്‍ ഇല്ലാതെയും വ്യാജരേഖകള്‍ ഉപയോഗിച്ചും ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന്‍ രണ്ട് സംഘമായി കൊണ്ടുവന്ന അറുനൂറോളം കുട്ടികളെ മേയ് 24, 25 തിയതികളില്‍ റെയില്‍വേ പോലീസ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മോചിപ്പിച്ചതോടെയാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിയത്. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് സംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

 

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ വ്യാജരേഖകള്‍ ഉപയോഗിച്ചാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍, കുട്ടികളെ ബാലവേലയ്‌ക്കോ ലൈംഗിക ചൂഷണത്തിനോ കൊണ്ടുവന്നതായി തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നു. കുട്ടികളെ ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിനായി അനധികൃതമായി കടത്തിക്കൊണ്ട് വരുന്നതാണ് മനുഷ്യക്കടത്ത് കുറ്റത്തിന്റെ പരിധിയില്‍ വരിക.

 

മുക്കം അനാഥാലയത്തിന്റെ സ്കൂളുകളില്‍ ഡിവിഷന്‍ വീഴ്ച ഒഴിവാക്കാനും വിദേശ ധനസഹായം ലക്ഷ്യമിട്ടുമാണ് കുട്ടികളെ കൊണ്ടുവന്നതെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങിയതില്‍ അനാഥാലയം ക്രമക്കേട് നടത്തിയെന്നും വിദേശ സഹായത്തിന്റെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.